രാത്രിയാത്രാ നിരോധനം നീക്കാൻ മേൽപ്പാത നിർമിക്കണം: കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉന്നതസമിതി ശുപാർശ


ന്യൂഡല്‍ഹി: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാൻ വനത്തിലൂടെ മേൽപ്പാതമാത്രമാണ് പോംവഴിയെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉന്നതസമിതിയുടെ ശുപാർശ. മൃഗങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഓരോ കിലോമീറ്റർ നീളമുള്ള അഞ്ചു മേൽപ്പാതകൾ ‍(എലിവേറ്റഡ് ഹൈവേ) നിർമിക്കണം. ഉൾവനത്തിൽ ദേശീയപാത നമ്പർ-212-ന് ഇരുവശവും എട്ടുമീറ്റർ ഉയരത്തിൽ ഇരുമ്പു കമ്പിവേലി കെട്ടി മറയ്ക്കണം. മേൽപ്പാതകൾക്കടിയിൽ ഒരു കിലോമീറ്റർ വീതിയിൽ വനം വികസിപ്പിച്ച് വന്യമൃഗങ്ങൾക്ക്‌ സ്വൈരസഞ്ചാരം ഉറപ്പാക്കണമെന്നും സുപ്രീംകോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ധസമിതി ശുപാർശ ചെയ്തു.മേൽപ്പാത നിർമാണത്തിനും റോഡുവികസനത്തിനും 450 മുതൽ 500 വരെ കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രവും കേരളവും തുല്യമായി വഹിക്കണമെന്നും നിർമാണം ദേശീയപാതാ അതോറിറ്റിയെ ഏൽപ്പിക്കണമെന്നും സമിതി നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും രാത്രിയാത്രാ നിരോധന വിഷയം ചർച്ചചെയ്ത ഘട്ടത്തിലാണ് എലിവേറ്റഡ് ഹൈവേ എന്ന നിർദേശം ഉയർന്നുവന്നത്. എവിടെയൊക്കെയാണ് മേൽപ്പാലങ്ങൾ നിർമിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങൾ കേരള, കർണാടക വന്യമൃഗ വകുപ്പുകൾ ചർച്ച ചെയ്തു തീരുമാനിക്കണം.


ദേശീയപാത 212

  കർണാടകത്തിലെ കൊല്ലെഗലിൽനിന്ന് മൈസൂരുവഴി കോഴിക്കോട്ടെത്തുന്നു. ദൈർഘ്യം 272 കിലോമീറ്റർ.
  34.60 കിലോമീറ്റർ കടന്നുപോകുന്നത് ബന്ദിപ്പൂർ, വയനാട് ദേശീയ വന്യമൃഗ സംരക്ഷണകേന്ദ്രത്തിലൂടെ.

 24.50 കിലോമീറ്റർ (19.70 കിലോമീറ്റർ കർണാടകത്തിലും 4.80 കിലോമീറ്റർ. വയനാട്ടിലും) പാത ബന്ദിപ്പൂർ വന്യമൃഗ സങ്കേതത്തിന്റെ മർമപ്രധാന ഭാഗത്ത്. പത്തുകിലോമീറ്റർ വന്യമൃഗ സങ്കേതത്തിന്റെ ബഫർ മേഖലയിൽ (നാലര കിലോമീറ്റർ ബന്ദിപ്പൂരിലും അഞ്ചു കിലോമീറ്റർ വയനാട്ടിലും). മേൽപ്പാതകളിൽ നാലെണ്ണം ബന്ദിപ്പൂർ ഭാഗത്ത്. ഒരെണ്ണം വയനാട്ടിൽ. മേൽപ്പാതയില്ലാത്ത ഭാഗങ്ങളിൽ ഇരുമ്പുവേലികെട്ടി മൃഗങ്ങൾ റോഡിൽ പ്രവേശിക്കുന്നത് തടയണം. രണ്ടുവരിപ്പാതയുടെ വീതി എല്ലായിടത്തും പതിനഞ്ചു മീറ്ററാക്കണം. മേൽപ്പാതയ്ക്ക് അടിയിൽ വികസിപ്പിക്കേണ്ട വനഭൂമി കേരളവും കർണാടകവും നൽകണം. എന്നിവയാണ് ശുപാർശയിലെ നിർദ്ദേശങ്ങൾ

Post a Comment

0 Comments