കോഴിക്കോട്:കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെ പ്രസവചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബര്‍ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈല്‍ഡ് വാര്‍ഡ് സംവിധാനം ഒരുക്കും. നിലവിലെ പുതിയ കെട്ടിടത്തിലേക്ക് എന്‍.എച്ച്.എം മുഖേന ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സിസംബര്‍ ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കുമെന്ന് കരാര്‍ ഏറ്റെടുത്ത എച്ച്.എല്‍.എല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ഫണ്ടില്‍ നിന്ന് പ്രസവത്തിനും നവജാത ശിശുക്കളുടെ ചികിത്സയ്ക്കുമായി പുതിയ ബ്ലോക്ക് നിര്‍മിക്കാന്‍ 3.50 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതിനാല്‍ പുതിയ കെട്ടിടനിര്‍മാണം അനുവദനീയമല്ല. അതുകൊണ്ട് ഈ ഫണ്ടുകൂടി ഇപ്പോള്‍ കരാറായ എന്‍.എച്ച്.എം ഫണ്ടിനൊപ്പം ചേര്‍ത്ത് ആകെ 5.50 കോടി രൂപക്കുള്ള ഏറ്റവും ആധുനികവും സമ്പൂര്‍ണ ആശുപത്രി ഉപകരണങ്ങളടക്കമുള്ള ലേബര്‍ റൂം, ഐ.സി.യു, ഓപറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഒരുക്കാനാണു തീരുമാനം. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ ഒന്നും രണ്ടും നിലകളിലാണു സമ്പൂര്‍ണ എയര്‍ കണ്ടിഷനോടെ ഈ സംവിധാനം നിലവില്‍വരുന്നത്. ഇതുകൂടാതെ പുതിയ ഒന്‍പതു നില മാസ്റ്റര്‍പ്ലാന്‍ കെട്ടിടത്തിന്റെ അംഗീകാരത്തിനും ഭരണാനുമതിക്കു മായുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
എം.എല്‍.എ കെ. ദാസന്‍, ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ആ ശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു എന്നിവരും സംസ്ഥാന ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയരക്ടര്‍ ഡോ. വി.ആര്‍ രാജു, അസി. ഡയരക്ടര്‍ ഡോ. വീണ സരോജിനി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ, ഡി.പി.എം ഡോ. നവീന്‍, എച്ച്.എല്‍.എല്‍ പ്രതിനിധി എന്നിവരടങ്ങുന്ന സംഘവും ചേര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ചതിനു ശേഷം നടന്ന യോഗത്തിലാണു തീരുമാനങ്ങളായത്.
0 Comments