ഇനി കുതിച്ചുപായാം ഈ നഗരപാതകളില്‍

Thondayad Flyover

കോഴിക്കോട്:നഗരത്തിന്റെ ഗതാഗതക്കുരുക്കിനു പരിഹാരമായ തൊണ്ടയാട്, രാമനാട്ടുകര മേല്‍പാലങ്ങള്‍ അവസാനഘട്ടത്തില്‍. പ്രവൃത്തി ഈ മാസത്തോടെ പൂര്‍ത്തിയാകുമെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതാണ് ഇതിനു കാരണം. പാലത്തിന്റെ പെയിന്റിങ് ജോലികള്‍ മാത്രമാണ് ഇനിയുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ ജോലികള്‍ അവസാനിക്കുമെന്ന് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബൈജു പറഞ്ഞു.

ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായ തൊണ്ടയാട് ജങ്ഷനില്‍ 2017 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 12 മീറ്റര്‍ വീതിയിലും 480 മീറ്റര്‍ നീളത്തിലുമാണു പാലം നിര്‍മിച്ചിരിക്കുന്നത്. 50 സെന്റിമീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി ക്രാഷ് ബാരിയറുകളും അതിനു പുറമെ നടപ്പാതകളും പാലത്തിലുണ്ട്. ജില്ലാ അക്കാദമി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് (ഡി.എഫ്.പി) പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയാണു പാലം നിര്‍മിച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് 143 കോടി രൂപയാണു പദ്ധതിക്കായി ചെലവായിട്ടുള്ളത്.



രാമനാട്ടുകരയില്‍ 440 മീറ്റര്‍ ഉയരമുള്ള ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് 89 കോടി രൂപയും തൊണ്ടയാട്ടിലെ 480 മീറ്റര്‍ ഫ്‌ളൈ ഓവറിനു 54 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. മെയ് മാസത്തില്‍ പൂര്‍ത്തിയാകേണ്ട പ്രവൃത്തി മഴകാരണം നീണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന വഴിയായതിനാല്‍ തൊണ്ടയാട് ജങ്ഷനില്‍ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഇതിനു പുറമെ അപകടങ്ങളും പതിവായിരുന്നു. തൊണ്ടയാട്ടു പോലെത്തന്നെ രൂക്ഷമായിരുന്നു രാമനാട്ടുകരയിലെ ഗതാഗതകുരുക്കും. 30 മീറ്റര്‍ നീളമുള്ള 14 സ്പാനുകളാണ് രാമനാട്ടുകരയിലെ പാലത്തിനായി നിര്‍മിച്ചിരിക്കുന്നത്. ബൈപാസ് ജങ്ഷനില്‍ 40 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളുണ്ട്.

രാമനാട്ടുകരയിലെ മേല്‍പാലം മറ്റു മേല്‍പാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്പാനുകള്‍ക്കിടയിലെ വിടവുകുറച്ചാണു നിര്‍മിച്ചിരിക്കുന്നത്. ഇതു വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക ചാട്ടം ഒഴിവാക്കും. മേല്‍പാലത്തിനൊപ്പം നീലിത്തോടിനു മുകളില്‍ മൂന്നു പാലങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. 24 മീറ്റര്‍ നീളത്തിലുള്ള പാലങ്ങളില്‍ രണ്ടെണ്ണത്തിന് എട്ടര മീറ്റര്‍ വീതിയും ഒന്നിനു 12 മീറ്റര്‍ വീതിയുമാണുണ്ടാവുക. ഈ മേല്‍പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു വലിയ തോതില്‍ പരിഹാരമാവും എന്നാണു കരുതുന്നത്

Post a Comment

0 Comments