ഓപ്പറേഷൻ കനോലി കനാൽ: ആയിരത്തോളം പേരെ പങ്കെടുപ്പിച്ചുള്ള മഹാ ശുചീകരണം 13-ന്



കോഴിക്കോട്:നാട്ടുകാരുടെ ഉത്സവമായി കനോലി കനാൽ ശുചീകരണം, പരസ്പരം മത്സരിച്ച് അഞ്ചു നഗരസഭാംഗങ്ങൾ. കനാൽ ശുചീകരിക്കാൻ ഇന്നലെ അണിനിരന്നത് അറുനൂറിലധികം ആളുകൾ. കനോലികനാലിന്റെ വശങ്ങളിലെ കാടുവെട്ടിയും മാലിന്യങ്ങൾ നീക്കിയുമാണ് ശുചീകരണത്തിന്റെ രണ്ടാംഘട്ടം മുന്നേറുന്നത്. അഞ്ചു വാർഡുകളിലെ കൗൺസിലർമാരാണ് ഇന്നലെ ശുചീകരണത്തിന് നാട്ടുകാരുമായെത്തി കരുത്തുതെളിയിച്ചത്.

എം.ഷീജ, ടി.എസ്. ഷിംജിത്ത്, എം.എം.ലത, ടി.സി. ബിജുലാൽ, അനിത രാജൻ എന്നീ കൗൺസിലർമാരാണ് ഇന്നലെ രംഗത്തിറങ്ങിയത്. രാവിലെ എട്ടരയ്ക്കു തുടങ്ങിയ ശുചീകരണം അഞ്ചുമണിക്കൂറിലധികം നീണ്ടു. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ‍, യുവജനസംഘടനകൾ തുടങ്ങി പരമാവധി നാട്ടുകാരുമായാണ് ഓരോ അംഗവും ശുചീകരണത്തിനെത്തിയത്. ഉച്ചയ്ക്ക് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഭക്ഷണവും ഒരുക്കിയിരുന്നു.

ഇവർക്കു പുറമെ കോർപറേഷനിലെ 50 ജീവനക്കാരും ശുചീകരണ തൊഴിലാളികളും കേരളാ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ, എരഞ്ഞിപ്പാലം കരുണ സ്കൂളിലെ അധ്യാപകർ തുടങ്ങിയവരും ഇന്നലെ ശുചീകരണത്തിന് അണിനിരന്നു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.ബാബുരാജ്, ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, പ്രഫ.ടി.ശോഭീന്ദ്രൻ, ബാബു പറമ്പത്ത്് തുടങ്ങിയവർ ശുചീകരണത്തിനു മേൽനോട്ടം വഹിച്ചു. ഇനി ശുചീകരണം ബാക്കിയുള്ള ഭാഗങ്ങൾ ദുർഘടം നിറഞ്ഞതാണ്.

കുണ്ടൂപ്പറമ്പ് നെല്ലിക്കാപ്പുളി പാലത്തിനു സമീപവും മറ്റും കനാലിന് ആഴം കൂടുതലാണ്. കാടുമൂടി കിടക്കുകയുമാണ്. പാമ്പുകളടക്കമുള്ള വിഷജീവികളുടെ സാന്നിധ്യവുമുണ്ട്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഇത്തരം ഭാഗങ്ങൾ ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ ഒന്നിന് മൂന്നാംഘട്ടം തുടങ്ങാനാകുമെന്നാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ‘നിറവ്’ പ്രതീക്ഷിക്കുന്നത്. മഹാ ശുചീകരണം 13ന് കനോലി കനാലിൽ മാസ് ക്ലീനിങ്ങിനൊരുങ്ങി നഗരസഭ.



ആയിരം പേരുടെ ശുചീകരണപരിപാടികളാണ് 13ന് കനോലി കനാലിൽ നടക്കുക. കോർപറേഷനിലെ എല്ലാ ശുചീകരണത്തൊഴിലാളികളെയുമിറക്കി കനോലികനാൽ ശുചീകരിക്കുകയാണ് ലക്ഷ്യം. 676 തൊഴിലാളികളാണ് പ്രവർത്തനത്തിൽ‍ പങ്കാളികളാവുക. കോർപറേഷനിലെ ജീവനക്കാരും വിവിധ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും അന്ന് അണിനിരക്കും. പൊലീസിന്റെ നേതൃത്വത്തിൽ 28ന് ശുചീകരണപ്രവർത്തനങ്ങൾ നടക്കും. 30 പേരടങ്ങുന്ന പൊലീസ് സംഘമായിരിക്കും 28ന് ശുചീകരണത്തിന് ഇറങ്ങുക. തുടർന്നുള്ള ദിവസങ്ങളിൽ പട്ടാളക്കാരുടെ നേതൃത്വത്തിലും ശുചീകരണം നടക്കും. മത്സ്യത്തൊഴിലാളികൾ ഇറങ്ങുന്നു പ്രളയകാലത്ത് നാടിന്റെ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾ കനോലികനാലിന്റെയും രക്ഷകരാകുന്നു.

ചെട്ടികുളം മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ ഇന്നലെ കനാൽ ശുചീകരിക്കാൻ എത്തിയത്. കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ കെ. ഷാജു, രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ എത്തിയത്. കനോലി കനാൽ സെക്ടർ രണ്ടിൽ ഉൾ‍പ്പെടുന്ന എടയ്ക്കാട് ഭാഗത്താണ് ഇവർ ശുചീകരണം നടത്തിയത്.

Post a Comment

0 Comments