വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി ഗുളികയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍


കോഴിക്കോട്:വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33) നെ ആണ് ടൗൺ പോലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് ടാഗോർ ഹാൾ പരിസരത്ത് വെച്ച് പിടികൂടിയത്. പരിശോധനക്കായി വാഹനം നിർത്താൻ നിർദ്ദേശം നൽകിയ പോലീസിനെ കണ്ട് വെപ്രാളത്തിൽ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു ജിഷാദ്. എന്നാല്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് 175 സ്പാസോ പ്രോക്സിവോണ്‍ ഗുളിക കണ്ടെടുത്തത്.

യുവാക്കൾക്കിടയിൽ എസ്.പി എന്ന ഓമനപേരിലറിയപ്പെടുന്ന ലഹരി ഗുളികയാണ് സ്പാസ്മോ പ്രോക്സിവോൺ. വിദ്യാർത്ഥികളും യുവാക്കളുമാണ് ഇത്തരം ലഹരി ഗുളികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. 24 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 2000  രൂപ വരെ ഈടാക്കിയാണ് അമിത ലാഭത്തിനായി ചില മെഡിക്കൽ സ്റ്റോറുകളിൽ ഈ കാപ്സ്യൂളുകൾ നിയമവിരുദ്ധമായി വില്പന നടത്തുന്നത്. വേദനസംഹാരിയായ സ്പാസ്‍മോ പ്രോക്സിവോണ്‍ ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വളരെ പ്രയാസമാണെന്ന് പോലീസ്.മുന്‍പ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസ് കഴിഞ്ഞ ഏപ്രിൽ 26 മുതൽ വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് ശേഷം കോഴിക്കോട്  ഈ ലഹരി ഗുളികയുമായി പിടിയിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാങ്ക് ജീവനക്കാരനായ ജിഷാദ് എന്ന് പോലീസ് പറഞ്ഞു. കുറച്ച് കാലങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന ജിഷാദ് തനിക്ക് ലഹരി ഉപയോഗിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിതമായ ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ മാസം ഇത്തരം 2640 ലഹരി ഗുളികകളുമായി ഗോവിന്ദപുരം സ്വദേശിയെ നടക്കാവ് പോലീസും 2000 ഗുളികകളുമായി കുറ്റിച്ചിറ സ്വദേശിയായ യുവാവിനെയും അരീക്കാട് സ്വദേശിയായ യുവാവിനെയും കുന്നമംഗലം പോലീസും അറസ്റ്റ് ചെയ്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments