കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക് ടോബര്‍ അഞ്ചിനകം തിരിച്ചെത്തണം. മറ്റെന്നാള്‍ മുതല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം.

മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതുള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും ജില്ലാകളക്ടര്‍മാര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.



 കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5നകം തിരിച്ചെത്തണം
  ഒക്ടോബര്‍ അഞ്ചിന് ശേഷം മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം
  വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും മറ്റും തീരത്ത് താമസിക്കുന്നവര്‍ ആവശ്യമെന്ന് തോന്നിയാല്‍ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്
  ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങരുത്.
 ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീഴാനും വൈദ്യുതി ലൈനുകള്‍ തകരാറിലാകാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
 രാത്രിയാത്രകള്‍ നിയന്ത്രിക്കണം
  പ്രളയബാധിത പ്രദേശങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കും.
  ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.
  മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറാകണം. ഇത്തരം സ്ഥലങ്ങളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുളള നിര്‍ദേശങ്ങള്‍ നല്‍കാം.
 രാത്രികാലത്ത് മലയോര മേഖലകളിലൂടെയുളള സഞ്ചാരം പരമാവധി ഒഴിവാക്കണം.

Post a Comment

0 Comments