Representative Image |
ബാലുശ്ശേരി: ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരിയില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ജൂലൈ 16 നാണ് ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. ഇതേതുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാത്തതിനാല്‍ ചിലപ്പോള്‍ കുരുക്കഴിക്കാന്‍ കഴിയാതെ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പൊലിസ് വിയര്‍ക്കുന്ന അവസ്ഥയാണുള്ളത്.
ഉള്ള്യേരി ഭാഗത്തുനിന്ന് നന്മണ്ട ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ പനായി വഴി തിരിഞ്ഞുപോകണമെന്ന പൊലിസിന്റെ സൂചനാ ബോര്‍ഡ് ഡ്രൈവര്‍മാര്‍ അവഗണിക്കുകയാണ്. നന്മണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ഇതേ റൂട്ടിലൂടെ കടന്നുപോകണം. ഉള്ള്യേരി ഭാഗത്തുനിന്ന് എകരൂല്‍ ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ബ്ലോക്ക് റോഡ് വഴി അറപ്പീടികയില്‍കൂടി പോകണമെന്നും പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യത്തെ ഒരാഴ്ച പൊലിസ് നിയന്ത്രിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ബോര്‍ഡിനെ ആരും ഗൗനിക്കാത്ത അവസ്ഥയാണ്.
കൊയിലാണ്ടി, താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നതിനു പ്രത്യേകം സ്ഥലവും നിര്‍ണയിച്ചിരുന്നു. കൊയിലാണ്ടി ഭാഗത്തേക്കു പോകുന്ന ബസുകള്‍ പഴയ എസ്.ബി.ടി കെട്ടിടത്തിനടുത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തിനു വിപരീതമായി ഇവ ബസ് സ്റ്റാന്‍ഡിന് മുന്നിലാണു നിര്‍ത്തുന്നത്. താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ക്ക് സമാന്തരമായി നിര്‍ത്തുന്നതിനാല്‍ ഗതാഗതതടസം രൂക്ഷമാകുന്നു. ഇതിനിടയിലൂടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നത് രൂക്ഷമായ ശബ്ദ മലിനീകരണവുമുണ്ടാക്കുന്നു.
ഇതിനിടയിലാണ് ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ തിരക്കിനിടയിലുടെ യു ടേണ്‍ എടുക്കാന്‍ തുടങ്ങുന്നതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുന്നു. വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയത്താണു വലിയ സ്തംഭനമുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളിലും കുരുക്കനുഭവപ്പെടുന്നു. ഇവിടങ്ങളിലെല്ലാം പൊലിസ് ഏറെ പ്രയാസപ്പെട്ടാണു വാഹനങ്ങളെ നിയന്ത്രിക്കുന്നത്. കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്കു മാറ്റുകയും ഓട്ടോറിക്ഷകളെ വൈകുണ്ഠം ഭാഗത്തേക്ക് മാറ്റിയാല്‍ തടസം കുറക്കാന്‍ കഴിയുമെന്നാണു യാത്രക്കാരുടെയും വ്യാപാരികളുടെയും നിര്‍ദേശം.
0 Comments