താമരശേരി ചുരം സംരക്ഷണഭിത്തി നിർമാണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുംതാമരശേരി:ചുരം റോഡിലെ യാത്രക്കാർക്ക് ആശ്വാസമായി ഇടിഞ്ഞ ഭാഗത്തെ ടാറിങ് അടക്കമുള്ള മുഴുവൻ പ്രവൃത്തികളും ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. ജൂൺ 14നുണ്ടായ കനത്ത മഴയിലാണ് ചുരം റോഡിൽ ഒന്നാം വളവിനും ചിപ്പിലിത്തോടിനുമിടയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം പൂർണമായി നിലച്ചത്. തുടർന്ന‌് സമീപത്തുകൂടെ താൽക്കാലിക റോഡ് നിർമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വലിയ ചരക്കുവാഹനങ്ങൾക്കുള്ള നിയന്ത്രണം കഴിഞ്ഞ ദിവസമാണ് നീക്കിയത്. 1.86 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്.ഇടിഞ്ഞ ഭാഗത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും.  ഇടിഞ്ഞ ഭാഗത്തും സംരക്ഷണ ഭിത്തിക്കുമിടയിൽ ക്വാറി മിശ്രിതവും മണ്ണും ഇട്ട് നികത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞാലുടൻ സംരക്ഷണ ഭിത്തിയുടെ ഇരു ഭാഗവും നിലവിലുള്ള ഭിത്തിയിലേക്ക് യോജിപ്പിക്കുന്ന കരിങ്കൽ കെട്ടിന്റെ പ്രവൃത്തിയും ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്സിക്യുട്ടീവ് എൻജിനിയർ കെ വിനയരാജ് പറഞ്ഞു.

ഇടിഞ്ഞ ഭാഗത്ത് പൈലിങ് നടത്തി ഉറച്ച പ്രതലത്തിൽ 90 സെന്റിമീറ്റർ വരെ കനത്തിലുള്ള ബേസ‌് സ്ലാബ‌് നിർമിച്ച് അതിന് മേലെയാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി. മുകളിലിടുന്ന മണ്ണിന്റെ ഭാരവും കൂടെ ഉപയോഗപ്പെടുത്തി സംരക്ഷണം ലഭ്യമാകുന്ന രീതിയിലാണ് നിർമാണം. 90 മുതൽ 40 സെന്റിമീറ്റർ കനത്തിൽ നിർമിക്കുന്ന ഭിത്തിക്ക് എട്ട് മീറ്റർ ഉയരവും 40 മീറ്റർ നീളവുമുണ്ട്. ഭിത്തിയുടെ നിർമാണവും മണ്ണിട്ട‌് നികത്തലും കഴിഞ്ഞാൽ ഈ ഭാഗത്തൂടെ വാഹനങ്ങൾ കടത്തിവിട്ട് മറുഭാഗത്തെ ഓവുചാൽ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തും. തുടർന്ന് ഏറ്റവും അവസാനമാണ് റോഡ് ടാറിങ് നടത്തുകയെന്നും എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.

നിരന്തരമായി മണ്ണിടിച്ചിലും ഗതാഗതതടസ്സവുമുണ്ടായ സാഹചര്യത്തിൽ ചുരം റോഡ് സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രശ്‌ന പരിഹാര നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. പൂർണമായി പരിഹരിക്കുന്നതുവരെ ചുരം റോഡിലെ പ്രശ്‌നങ്ങൾ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഇടിഞ്ഞ സമയത്ത് ചുരം റോഡ് സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര പ്രാധാന്യം നൽകിയാണ് ചുരം റോഡിലെ പ്രവൃത്തികൾ നടത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ഒന്നരമാസമായി നിലയ‌്ക്കാതെ തുടരുന്ന പ്രവൃത്തിക്ക് 35ലധികം തൊഴിലാളികളാണ് ഓരോ ദിവസവും ജോലി ചെയ്യുന്നത്.

Post a Comment

0 Comments