അമ്പതിലധികം കടകളിൽ മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേർ മുക്കത്ത് പിടിയിൽ



മുക്കം:വിവിധ ജില്ലകളിലായി അമ്പതിലധികം വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടു പേർ മുക്കത്ത് പൊലീസിന്റെ പിടിയിലായി. ലോറി ഡ്രൈവറും വയനാട് കൽപ്പറ്റ ഓണിവയൽ സ്വദേശിയുമായ വാക്കയിൽ ഷാക്കിബ് ഹുസൈൻ (23), കൊടുവള്ളി കളരാന്തിരി സ്വദേശി സക്കറിയ (34) എന്നിവരെയാണ് പട്രോളിംഗിനിടെ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് പൊലീസ് പിടികൂടിയത്. അത്താണി ഷോപ്പിംഗ് കോംപ് ളക്സ് പരിസരത്ത് സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. ദേഹപരിശോധന നടത്തുന്നതിനിടെ സക്കറിയയുടെ കൈവശം ഷട്ടറിന്റെ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ലിവറും ഷാക്കിബിന്റെ അരയിൽ രണ്ട് ആക്സോ ബ്ളെയ്ഡും കണ്ടെത്തി.



മുക്കത്തിനടുത്ത അഗസ്ത്യൻമുഴിയിൽ ജൂൺ 25 ന് രാത്രി നാല് കടകളിൽ മോഷണം നടത്തിയത് ഇവരാണ്. മോഷണം നടന്ന മൊബൈൽ ഷോപ്പിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് സക്കറിയയാണെന്നും കണ്ടെത്തി. ഈ ഷോപ്പിൽ നിന്ന് മോഷ്ടിച്ച വിവോ കമ്പനിയുടെ മൊബൈൽ ഫോൺ കൽപ്പറ്റയിലുളള ഒരു മൊബൈൽ കടയിൽ വിൽപ്പന നടത്തി. കോഴിക്കോട് രാമാനാട്ടുകരയിലെ കലിക്കറ്റ് മാൾ, പരപ്പനങ്ങാടി അത്താണിക്കലിലെ റഹ്മത്ത് ട്രേഡേഴ്സ്, താമരശ്ശേരി ചുങ്കത്തിനടുത്തുള്ള പലചരക്ക് കട, ടൗണിനടുത്തുള്ള ടൂൾസ്ഷോപ്പ്, പുതിയ സ്റ്റാൻറിനു സമീപമുള്ള സി.ഡി ഷോപ്പ്, പുതുപ്പാടി എം.ആർ സൂപ്പർ മാർക്കറ്റ്, കൊടുവള്ളിയിലുള്ള വൈറ്റ് മഹൽ, കുന്ദമംഗലത്തുള്ള ഹാർഡ് വെയർ ഷോപ്പ്, തിരുവണ്ണൂരിലുള്ള ഹാർഡ് വെയർ ഷോപ്പ്, ഫറോക്കിലുള്ള ടൈൽസ് ഷോപ്പ്, മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലുള്ള സൂപ്പർമാർക്കറ്റ്; ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, കൊണ്ടോട്ടി മൊറയൂരിലുള്ള ഇലക്ട്രോണിക് ഷോപ്പ്, അലുമിനിയം പാത്രക്കട, മലപ്പുറം കോട്ടക്കലെകടകൾ, നിലമ്പൂരിലെ സ്റ്റേഷനറികട, വയനാട് മീനങ്ങാടിയിലുള്ള മൊബൈൽ ഷോപ്പ്, ത്രിവേണി സൂപ്പർ മാർക്കറ്റ്, സുൽത്താൻ ബത്തേരിയിലെ വെളിച്ചെണ്ണ കട, കേണിച്ചിറയിലെ വിവിധ കടകൾ, തൃശ്ശൂർ തിരുവില്വാമലയിലെ കോഴിക്കട തുടങ്ങി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിൽഇവർ മോഷണം നടത്തി.

ഇരുവരും മുമ്പ് എറണാകുളം ജില്ലയിൽ മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . പ്രതികളിലൊരാളായ സക്കറിയ മംഗലാപുരത്ത് കളവുകേസ് പ്രതിയാണ്. മോഷണം നടത്തിയ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുത്തു. മുക്കം എസ്.ഐ കെ.പി. അഭിലാഷ്, അഡീഷണൽ എസ്.ഐ ഹമീദ്, താമരശ്ശേരി ഡിവൈഎസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ്ബാബു, ഷിബിൽ ജോസഫ്, ഷഫീഖ് നീലിയാനിക്കൽ, മുക്കം പൊലീസ് സ്റ്റേഷനിലെ സലിം മുട്ടത്ത്, വി.എസ് ശ്രീജേഷ് ,കാസിം മേപ്പള്ളി, ശ്രീകാന്ത് കെട്ടാങ്ങൽ, എ.എസ്.ഐ എം.ടി. അഷ്റഫ് , അഭിലാഷ് കോടഞ്ചേരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments