നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം



തിരുവനന്തപുരം: പഞ്ചായത്ത് മേഖലയിലെ പൊതുനിരത്തുകളില്‍ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.



പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യാന്‍ വ്യാപകമായ അറിയിപ്പുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം. അറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാത്തവ കണ്ടെത്തി ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കണം. പഞ്ചായത്ത് മാറ്റുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ചെലവ് ഈടാക്കണം. ഇവ നീക്കം ചെയ്തതു സംബന്ധിച്ച ജില്ലാതല റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍മാര്‍ 26-നകം പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.

പുതിയതായി ലഭിക്കുന്ന അപേക്ഷകളില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് അനുമതി നല്‍കേണ്ടത്. പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിങുകളും പൊതുനിരത്തുകളില്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തവും നഷ്ടപരിഹാരവും ഏറ്റെടുക്കാമെന്ന് കരാര്‍വച്ചശേഷം മാത്രമേ അനുമതി നല്‍കാവൂവെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Post a Comment

0 Comments