ചുരത്തിൽ അപകട പരമ്പര; ചുരത്തിലൂടെയുള്ള വാഹനയാത്ര ദുരിതപൂർണം

ചൂരത്തിൽ ഇന്നലെ നടന്ന അപകടപരമ്പര
1-ചുരം 6ാം വളവിനടുത്തു നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച നിലയിൽ.
2-ഏട്ടാം വളവിനു സമീപം കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
3-ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം
4-രണ്ടാം വളവിനു സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം

താമരശ്ശേരി:വയനാട് ചുരത്തിൽ ഇന്നലെ പകൽ ഉണ്ടായ അപകടങ്ങൾ മൂലം വാഹനയാത്ര ദുഷ്കരമായി. ചുരത്തിൽ വ്യത്യസ്ത ഭാഗങ്ങളിലായി 5 അപകടങ്ങളാണ് ഇന്നലെ ഉണ്ടായത്. ആർക്കും കാര്യമായ പരുക്കില്ല. രാവിലെ 5നു സിമന്റുമായി കോഴിക്കോട്ടേക്കു തിരിച്ച വലിയ ലോറി എട്ടാം വളവിൽ നിയന്ത്രണം വിട്ടു സുരക്ഷാഭിത്തി തകർത്തു താഴോട്ടു കൂപ്പുകുത്തിയെങ്കിലും മരത്തിൽ ഇടിച്ചു നിന്നതിനാൽ കൊക്കയിൽ വീണില്ല. ഡ്രൈവർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.



തുടർന്ന് 6ാം വളവിനടുത്ത് എട്ടരയോടെ കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്കു ശേഷം മൂന്നോടെ 6, 7 വളവുകൾക്കിടയിൽ ചുരം ഇറങ്ങി വരികയായിരുന്ന കെഎസ്ആർടിസി ബസ് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ വെട്ടിച്ചു മതിലിനിടിച്ചതിനെ തുടർന്ന് ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

നാലോടെ 7ാം വളവിൽ 2 കാറുകൾ കൂട്ടിയിടിച്ചും 2ാം വളവിനു താഴെ സ്വകാര്യ ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഇന്നലെ അപകടത്തിൽപ്പെട്ട 14 ചക്ര ലോറിക്കു ചുരത്തിൽ നിരോധനമുള്ളതാണ്. കഴിഞ്ഞ ദിവസവും നിരോധനം മറികടന്നെത്തിയ വലിയ ലോറി ചുരത്തിൽ പെട്രോൾ തീർന്നു കുടുങ്ങി മണിക്കൂറുകൾ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.

Post a Comment

0 Comments