ആമസോണിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റില്‍ വന്ന ഓഫറുകള്‍ |
കൊച്ചി: ഞായറാഴ്‌ച പലരും ഉറക്കമുണർന്നത് വാട്‌സാപ്പിലെ ‘ലോട്ടറി’ കണ്ടാണ്. ആമസോണിന്റെ ബിഗ് ബില്യൺ സെയിൽ ഇപ്പോൾ തീരുമെന്നു പറഞ്ഞ് കൂട്ടുകാരുടെ സന്ദേശങ്ങൾ. മൂന്നുരൂപയ്ക്ക് ബ്ലൂടൂത്ത് ഇയർഫോൺ, 10 രൂപയ്ക്ക് മിക്സി, 11 രൂപയ്ക്ക് സ്‌മാർട്ട്‌വാച്ച് തുടങ്ങി 199 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ക്യാമറ വരെ നീണ്ടു ഓഫർ. സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുമ്പോഴാണ്, സന്ദേശം കുറേപ്പേർക്ക് ഫോർവേഡ് ചെയ്താലേ കാര്യം നടക്കൂവെന്ന് മനസ്സിലായത്. ഒടുവിൽ ഓർഡർ സ്വീകരിച്ചുവെന്ന് സന്ദേശം കിട്ടി. ഇതിൽ വിശ്വസിച്ച് ആളുകൾ കാത്തിരിപ്പിലാണ്.
അപകടം ഒളിപ്പിച്ചുള്ള ഡേറ്റ ചോർത്തലിന്റെ പുതിയ സ്പൂഫ് പതിപ്പാണിത്. ഇക്കാര്യം മനസ്സിലാക്കിയപ്പോഴേക്കും നേരം വൈകിയിരുന്നു. ‘ആമസോൺ ബിഗ് ബില്യൺ സെയിൽ ഓഫർ’ എന്ന പേരിൽ വന്ന സന്ദേശത്തിനൊപ്പം ഉത്പന്നങ്ങൾക്ക് 99 ശതമാനം വിലക്കിഴിവ് എന്നായിരുന്നു അറിയിപ്പ്.
ഇതിനൊപ്പമുള്ള ലിങ്കിൽ കയറിയാൽ ആമസോണിന്റെ പേജെന്ന് ഒറ്റനോട്ടത്തിൽ തോന്നും. ലോഗോയും അതിനോട് സാമ്യമുള്ളത്. വെബ് അഡ്രസ് മാത്രം വേറെ. എന്നാൽ, അതൊരു ബ്ലോഗായിരുന്നു. ഇങ്ങനെയൊരു ഓഫർ സംബന്ധിച്ച് ആമസോണിൽ ഒരു അറിയിപ്പുമുണ്ടായിട്ടില്ല. എന്നാൽ, ഇതുവഴി ആരുടെയും പണം പോയതായി അറിവില്ല.
സൂക്ഷിക്കണം, സ്പൂഫ് സൈറ്റുകളെ
യൂസർ നെയിമും പാസ്‌വേഡുകളും ഉൾപ്പെടെയുള്ളവ ചോർത്താൻ നടക്കുന്ന തട്ടിപ്പാണിതെന്ന് സൈബർ പോലീസ് പറയുന്നു. വെബ്‌സൈറ്റിന്റെ യഥാർഥ ഐ.പി. മറച്ചുവെച്ച് സ്പൂഫ് ഐ.പി. സൃഷ്‌ടിച്ചാണ് തട്ടിപ്പ്. ഐ.പി. അന്വേഷിച്ചാൽ അമേരിക്കയിലോ നൈജീരിയയിലോ രജിസ്റ്റർ ചെയ്തതായാണ് കാണിക്കുക. പക്ഷേ, ഇതും ശരിയായിരിക്കില്ല. സാധാരണ വെബ് വിലാസത്തിന്റെ തുടക്കത്തിൽ https എന്നു കാണുന്നുണ്ടെങ്കിൽ അത് സുരക്ഷിതമായ വെബ്സൈറ്റെന്നാണ് കരുതുന്നത്. എന്നാൽ, ഈ സൈറ്റിൽ വെബ് വിലാസത്തിലും തട്ടിപ്പുകാണിച്ചിട്ടുണ്ട്. ’https://’ എന്നാണ് സൈറ്റ് അഡ്രസ് തുടങ്ങുന്നത്. സുരക്ഷിത വെബ്‌സൈറ്റ് വിലാസത്തിനൊപ്പം കാണുന്ന ‘ലോക്ക്’ ചിഹ്നവും ഈ സൈറ്റിലുണ്ട്.
ആമസോൺ ബിഗ് ബില്ലണ് ഡേ എന്ന പേരിൽ വാട്സ് അപ്പിൽ പ്രചരിക്കുന്ന fake മെസേജ് |
‘ഫിഷിങ്’ എന്ന പേരിൽ അറിയപ്പെടുന്ന ഡേറ്റാ ചോർത്തൽ തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് സൈബർ പോലീസ് വിഭാഗം പറയുന്നു. അടുത്തിടെ പ്രമുഖ ദേശസാത്കൃത ബാങ്ക് ഒരു ഇ-കൊമേഴ്‌സ് സൈറ്റുമായി ധാരണയിലെത്തി. 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ‘ഒ.ടി.പി.’ (വൺ ടൈം പാസ്‌വേഡ്) വേണ്ട എന്നതായിരുന്നു ധാരണ. ഇതിനുശേഷം ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് രണ്ടായിരം രൂപയിൽ താഴെയുള്ള തുക പലപ്പോഴായി നഷ്ടപ്പെടാൻ തുടങ്ങി. അക്കൗണ്ട് വിവരങ്ങൾ ചോർന്നതാണ് കാരണം. പരാതിയുമായി എത്തിയവർക്ക് പണം തിരികെ നൽകിയാണ് ബാങ്ക് തടിയൂരിയത്.
മുന്നറിയിപ്പുകൾ
സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ സൈറ്റുകളിൽ പ്രവേശിക്കരുത്
വാഗ്‌ദാനങ്ങളിൽ വീഴാതിരിക്കുക
സൈറ്റ് അഡ്രസ് ശരിയാണെന്ന് ഉറപ്പുവരുത്തുക
സൂക്ഷിച്ചുമാത്രം വ്യക്തിഗത വിവരങ്ങൾ കൈമാറുക.
ഓഫർ വ്യാജം; നടപടിയെടുക്കും ഇത്തരത്തിലുള്ള ഒരു വിൽപ്പനയും നടത്തുന്നില്ല. പ്രസ്തുത ലിങ്ക് വ്യാജമാണ്. ഇതിനെതിരേ നടപടി സ്വീകരിക്കും-ആമസോൺ കസ്റ്റമർ കെയർ വിഭാഗം
0 Comments