മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയില്‍ റിസര്‍വോയര്‍

കോഴിക്കോട്:മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം. പെരുവണ്ണാമൂഴി റിസർവോയറിന്റെ കരിയാത്തുംപാറ മേഖലയിൽ വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാസംവിധാനം ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. കരിയാത്തുംപാറ പുഴയൊഴുകി റിസർവോയറിലെത്തുന്ന പാറക്കടവ് മേഖലയിലാണ് അപകടം കൂടുതൽ. ഇന്നലെ ഇവിടെയാണ് വിനോദസഞ്ചാരി മുങ്ങിമരിച്ചത്. ഈ പ്രദ്ദേശത്ത് 4 വർഷത്തിനിടയിൽ 4 പേർ മുങ്ങിമരിച്ചിട്ടുണ്ട്.  വേനലിലും വെള്ളമൊഴുക്കുളള ഈ പ്രദേശത്ത് ഒട്ടേറെ വിനോദ സഞ്ചാരികളെത്തുന്നുണ്ട്. എന്നാൽ പാറക്കടവിൽ സുരക്ഷയ്ക്ക് അധികൃതർ മതിയായ സംവിധാനങ്ങളൊരുക്കിയിട്ടില്ല. പൈപ്പുകൊണ്ടുള്ള വേലി മാത്രമാണ് കഴിഞ്ഞ വർഷം പഞ്ചായത്ത് നിർമിച്ചത്. മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.



ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിൽ വിനോദസഞ്ചാരികളുടെ സൗകര്യത്തിനായി ഗൈഡുമാരെ നിയമിക്കണമെന്ന് ഒട്ടേറെ തവണ ആവശ്യമുന്നയിച്ചിട്ടും നടപ്പായിട്ടില്ല. ഇതിനായി ജലസേചനവകുപ്പ്, പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ല. കരിയാത്തുംപാറ ബീച്ച് റോഡിലെ അശാസ്ത്രീയമായ വാഹന പാർക്കിങ്ങും അപകടത്തിനിടയാക്കുന്നുണ്ട്.

കക്കയം ഡാംസൈറ്റ്, കരിയാത്തുംപാറ ടൂറിസ്റ്റു കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപെട്ടാൽ 30 കിലോമീറ്ററിലധികം  ദൂരെയുളള പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരെത്തുന്നത്. അടിയന്തര സാഹചര്യത്തിൽ അഗ്നിശമന സേനാംഗങ്ങളെത്താൻ വൈകുന്നത് മിക്കപ്പോഴും ജീവൻ നഷ്ടപ്പെടാനിടയാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനു മറ്റുമായി ബാലുശ്ശേരി മണ്ഡലത്തിൽ ഒരു ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

Post a Comment

0 Comments