എളമരം കടവിലെ പാലം: ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പാലം നിർമിക്കാനുദ്ദേശിക്കുന്ന എളമരം കടവ്


മാവൂർ:കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നവിധത്തിൽ ചാലിയാറിനു കുറുകെ മാവൂർ എളമരം കടവിൽ നിർമിക്കുന്ന പാലത്തിന്റെ ഡിസൈൻ പുതുക്കുന്നതിന് അന്തിമ രൂപരേഖ തയാറാക്കാൻ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം ഡിസൈൻ ജോയിന്റ് ‍ഡയറക്ടർ എസ്. സജു, അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്.അരുൺ, ദേശീയപാത മലപ്പുറം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ. ഇസ്മായിൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലം സന്ദർശിക്കാനെത്തിയത്.പാലം നിർമിക്കുന്നതിന് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 35 കോടി അനുവദിച്ചിട്ടുണ്ട്. പാലം നിർമിക്കാൻ 2012ൽ ഡിസൈൻ പൂർത്തിയാക്കിയിരുന്നു.



നിർമാണത്തിന് കാലതാമസം വന്നതോടെയാണ് ഇപ്പോൾ ഡിസൈൻ പുതുക്കുന്നത്.പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കുന്നതിന് ഗ്രാസിം മാനേജ്മെന്റ് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.മാവൂർ ഗ്രാസിം വളപ്പിലൂടെ ഫാക്ടറിയുടെ 8ാം ഗേറ്റിന് സമീപം കൂളിമാട് റോഡിലേക്കാണ് അപ്രോച്ച് റോഡ് ബന്ധിപ്പിക്കുക. മാവൂർ–കോഴിക്കോട്, കൂളിമാട്––മുക്കം എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നതിന് ജംക്‌ഷനും നിർമിക്കും.

പുഴയ്ക്ക് അക്കരെ മലപ്പുറം ജില്ലയിൽ എളമരത്ത് നിലവിലുള്ള റോഡിലേക്കാണ് അപ്രോച്ച് റോഡ് ബന്ധിപ്പിക്കുന്നത്.നിലവിൽ 8 മീറ്റർ വീതിയുള്ള ഈ റോഡ് എടവണ്ണപ്പാറ വരെ 11 മീറ്ററാക്കും. പ്രീ സ്ട്രെസ്ഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. 8 കാലുകളും 2 അബറ്റ്മെന്റുകളുമാണ് പാലത്തിനുണ്ടാവുക. 37 മീറ്ററിലുള്ള 9 സ്പാനുകളോടുകൂടി നിർമിക്കുന്ന പാലത്തിന് 333 മീറ്റർ നീളവും വാഹന ഗതാഗതത്തിന് ഏഴര മീറ്റർ വീതിയും ഓരോ ഭാഗത്തും ഒന്നര മീറ്റർ വീതിയിലുള്ള നടപ്പാതയുമുണ്ടാകും.

Post a Comment

0 Comments