കോഴിക്കോട്: ഇന്ത്യയില്‍ ക്രിക്കറ്റും ഫുട്‌ബോളും പ്രൊഫഷണല്‍ തലത്തിലേക്കുയര്‍ന്നിട്ട് നാളുകള്‍ ഏറെയായി. അപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ആളുകളെ കൂട്ടിയിരുന്ന വോളിബോളിന് പ്രൊഫഷണല്‍തലത്തിലും ആളുകളെ കൂട്ടാനാകുമെന്ന് ആരും തന്നെ ചിന്തിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ വോളിബോള്‍ പ്രൊഫഷണല്‍ യുഗത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ രണ്ടു ടീമുകള്‍ ഒരുങ്ങുകയാണ്.
കൊച്ചി ടീം ബ്ലൂ സ്‌പൈക്കേഴ്സും കോഴിക്കോട് കാലിക്കറ്റ് ഹീറോസും പ്രഥമ പ്രോ വോളി ലീഗില്‍ കേരളത്തിന്റെ സാന്നിധ്യമാകും. വോളിബോളിന് കേരളത്തിലുള്ള ജനപ്രീതി കണക്കിലെടുത്തു തന്നെയാണ് പ്രോ വോളി ലീഗ് നടത്തിപ്പുകാരായ ബേസ് ലൈന്‍ വെന്‍ച്വേഴ്സ് കേരളത്തിന് പ്രഥമ സീസണില്‍ത്തന്നെ രണ്ടു ടീമുകള്‍ അനുവദിച്ചത്. ബ്ലൂ സ്‌പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളെ കൂടാതെ മുംബൈ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, അഹമ്മദാബാദ് ഡിഫെന്റേഴ്സ് എന്നിവയാണ് മറ്റു ടീമുകള്‍. ഫെബ്രുവരി രണ്ട് മുതല്‍ 22 വരെ കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
കോഴിക്കോട്ടെ ഐ.ടി കമ്പനിയായ ബീക്കണ്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ബീക്കണ്‍ സ്‌പോര്‍ട്‌സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമകള്‍. ദുബായിലും ബ്രിട്ടനിലും ഐ.ടി ബിസിനസ് രംഗത്തുള്ള കമ്പനിയാണിത്. പ്രാദേശിക തലത്തില്‍ വോളിബോള്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തിരുന്ന മലപ്പുറം പൊന്‍മുണ്ടം സ്റ്റേജ്പടി സ്വദേശി പി.ടി. സഫീറാണ് കമ്പനിയുടെ സി.ഇ.ഒ. അദ്ദേഹത്തിന്റെ വോളിബോള്‍ ഭ്രമം തന്നെയാണ് കമ്പനി പ്രൊഫഷണല്‍ വോളിബോളിലേക്ക് കടക്കാന്‍ കാരണം.
2010-ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ സമയത്തു തന്നെ കമ്പനിക്കു കീഴില്‍ വോളി ലവേഴ്‌സ് എന്ന പേരില്‍ ക്ലബ്ബ് രൂപീകരിച്ച് പ്രാദേശിക മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് പി.ടി. സഫീര്‍ പറഞ്ഞു. അതിനെ ഒരു പ്രൊഫഷണല്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ഈ ചുവടുവെയ്‌പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ പരിശീലനത്തിനായി മലപ്പുറം പൊന്‍മുണ്ടം സ്റ്റേജ്പടിയില്‍ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മ്മിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ കിഷോര്‍കുമാറാണ് കാലിക്കറ്റ് ഹീറോസിനെയും പരിശീലിപ്പിക്കുക. കേരള ടീം ക്യാപ്റ്റനും മലയാളി താരവുമായ അഖിന്‍ ജാസിനെയോ ജെറോം വിനീതിനെയോ ആണ് ടീമിന്റെ ഐക്കണ്‍ താരമാക്കാന്‍ ശ്രമിക്കുന്നതെന്ന് സഫീര്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കാരുടെ ലേലം ഡിസംബര്‍ 14-ന് മുംബൈയിലോ ഡല്‍ഹിയിലോ നടക്കും. 75 ലക്ഷം രൂപയാണ് കളിക്കാര്‍ക്ക് വേണ്ടി ഒരു ടീമിന് ആകെ മുടക്കാവുന്ന തുക. വിദേശ കളിക്കാരന് 15 മുതല്‍ 20 ലക്ഷം രൂപ വരെ ഒരു ടീമിന് മുടക്കാം. ടീമിലെ മാര്‍ക്ക്വീ താരത്തിന് 15 മുതല്‍ 18 ലക്ഷം വരെയാകാം. ഇന്ത്യന്‍ താരങ്ങള്‍ക്ക് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെ മുടക്കാം.
0 Comments