പാലേരി ബ്ലോക്ക് ഡിവിഷൻ: ഇരുമുന്നണികൾക്കും സ്ഥാനാർഥികളായി



പേരാമ്പ്ര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിൽ ഇരു മുന്നണികൾക്കും സ്ഥാനാർഥികളായി. എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പിയിലെ കിഴക്കയിൽ ബാലനും യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ അസീസ് ഫൈസിയും മത്സരിക്കും. എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമായ ബാലൻ ഇത് അഞ്ചാം തവണയാണ് ജനവിധി തേടുന്നത്. നാലുതവണ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ രണ്ടുതവണ വിജയം കണ്ടു. ഒരുതവണ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പദവും അലങ്കരിച്ചു. അസീസ് ഫൈസി മുസ്ലിം ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറാണ്. ഇദ്ദേഹം ആദ്യമായാണ് ജനവിധി തേടുന്നത്.



ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 15, 16, 17, 18, 19 വാർഡുകളാണ് പാലേരി ഡിവിഷനിൽ ഉൾപ്പെടുന്നത്. ഇതിൽ അഞ്ചിടത്ത് ഇടത് -വെൽഫെയർ പാർട്ടി സഖ്യവും മൂന്നിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്ന എൻ.സി.പിയിലെ പി.പി. കൃഷ്ണാനന്ദൻ നിര്യാതനായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Post a Comment

0 Comments