Representation Image |
കോഴിക്കോട്: ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ നഗരവും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. മധുരം വിതറുന്ന കോഴിക്കോടന്‍ നഗരത്തിനിത് തിരക്കിലമര്‍ന്ന അനുഭവങ്ങള്‍. 60 കളില്‍ വിലാസം നല്‍കിയാല്‍ മുഖപരിചയം പോലുമില്ലാത്തവര്‍ക്ക് കടം നല്‍കിയിരുന്ന മിഠായിത്തെരുവില്‍ ദീപാവലി സമയത്തായിരുന്നു ഇടപാടുകാരുടെ പറ്റ് തീര്‍ത്തിരുന്നത്. പോസ്റ്റ്കാര്‍ഡില്‍ ഓര്‍മക്കുറിപ്പ് ലഭിക്കുന്നതോടെ കടവീട്ടാനെത്തുന്നവര്‍ക്ക് ദീപാവലി മിഠായി സമ്മാനം നല്‍കി യാത്രയയക്കുന്ന പാരമ്പര്യമാണ് നഗരത്തിനുണ്ടായിരുന്നത്.
ഇത്തവണ വിവിധ രുചികളിലും നിറത്തിലുമുള്ള നിരവധി മധുരപലഹാരങ്ങളാണ് ദീപാവലി ലക്ഷ്യമിട്ട് നഗരത്തിലെത്തിയത്. വെസ്റ്റ്ഹില്‍ ദി ജൂബിലി വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോപറേറ്റിവ് സൊസൈറ്റിയുടെയും മുതലക്കുളം ത്രിവേണി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതലക്കുളം ത്രിവേണി സ്റ്റോറിനു സമീപം ദീപാവലി മിഠായി വില്‍പനസ്റ്റാള്‍ ആരംഭിച്ചു.
അതേസമയം ഈ വര്‍ഷം തിരക്ക് കുറവാണെന്ന് സഹകരണ സൊസൈറ്റി അംഗം ശിവാനന്ദന്‍ പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപയുടെ ലാഭമാണു കഴിഞ്ഞ സീസണിലുണ്ടായത്. ശനിയാഴ്ച തുടങ്ങിയ സ്റ്റാള്‍ ചൊവ്വാഴ്ച വരെ പ്രവര്‍ത്തിക്കും. മിഠായിത്തെരുവിലെ ബേക്കറികളിലും ദീപാവലി മധുരം നിറഞ്ഞിരിക്കുകയാണ്. ബംഗാളി മധുരങ്ങളാണ് ഇത്തവണയും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പാല്‍ഗോവ, മില്‍ക്ക് ബര്‍ഫി, മില്‍ക്ക് പേഡ, ആപ്പിള്‍ പേഡ, മില്‍ക്ക് റോള്‍, ഗീപാക്ക്, ബംഗാളി ഹല്‍വ തുടങ്ങിയ 20 ഓളം മധുര പലഹാരങ്ങള്‍ അടങ്ങിയ ബംഗാളി സ്വീറ്റ്‌സിന് ഒരു കിലോയ്ക്ക് 320 രൂപയും അര കിലോക്ക് 160 രൂപവുമാണു വില. ഫ്‌ളവര്‍പേഡ, ആപ്പിള്‍ പേഡ, പേരക്ക പേഡ, മലായ് പേഡ തുടങ്ങിയവയും ഇത്തവണ വിപണിയിലെ ബംഗാളി ഇനങ്ങളാണ്.സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നതില്‍ ഏറ്റവും ഡിമാന്റുള്ള ഇനങ്ങളാണിവ.
ഓര്‍ഡിനറി വിഭവങ്ങളായ മൈസൂര്‍ പാക്ക്, ലഡു, ഹല്‍വ, ഗീവട, പാല്‍ കേക്ക് തുങ്ങിയ 15 ഓളം മധുര പലഹാരങ്ങള്‍ അടങ്ങിയ കിറ്റിനു കിലോ 150-200 രൂപവരെയുമാണു നിരക്കുകള്‍. കൂടാതെ മിക്‌സ്ഡ് മിഠായികളും ലഭ്യമാണ്. മിഠായി വിപണിയോടൊപ്പം തന്നെ വസ്ത്ര വിപണിയും സജീവമായി. നിരവധി പേരാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്നത്.
0 Comments