NH Bypass Calicut |
കോഴിക്കോട്: ബൈപാസ് വികസനത്തിനായി നഗരം ഇനിയും എത്രനാൾ കാത്തിരിക്കണം..? തലശ്ശേരി – മാഹി ബൈപാസ് നിർമാണം ഉദ്ഘാടനം ചെയ്തപ്പോഴാണ് ഇതിനൊപ്പം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച കോഴിക്കോട് ബൈപാസ് പദ്ധതിക്ക് ഇനിയും തുടക്കം കുറിക്കാത്തത്. 1700 കോടി രൂപയുടെ കരാറായിട്ടും കമ്പനിക്ക് സാമ്പത്തിക നടപടികൾ പൂർത്തിയാക്കാനാകാത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ കെഎംസിയാണ് രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ ബൈപാസിന്റെ കരാറുകാർ.
പദ്ധതി നടപ്പാക്കാനാവശ്യമായ സാമ്പത്തിക ഭദ്രതയുണ്ടെന്നു കാണിക്കുന്ന ബാങ്ക് ഗ്യാരന്റിയടക്കമുള്ള ഫിനാൻഷ്യൽ ക്ലോഷ്വർ സമർപ്പിക്കാനാകാത്തതാണ് കെഎംസിയെ വലയ്ക്കുന്നത്. ഈ മാസം ജോലികൾ തുടങ്ങുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും നടപടികളായിട്ടില്ല. ഫിനാൻഷ്യൽ ക്ലോഷ്വർ വൈകുന്നതുസംബന്ധിച്ച്, പദ്ധതി നടപ്പാക്കുന്ന ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്ന് തീരുമാനമുണ്ടാകുമെന്ന് കോഴിക്കോട് പ്രോജക്ട് ഡയറക്ടർ നിർമൽ എം. സാദെ. അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
റോഡ് പണിക്കു മുന്നോടിയായി കെഎസ്ഇബി പോസ്റ്റുകൾ, ജലഅതോറിറ്റി പൈപ്പുകൾ, മറ്റു കേബിളുകൾ എന്നിവ നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ട്. പദ്ധതിക്കായി മുറിക്കുന്ന 3560 മരങ്ങൾക്കു പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലം കണ്ടെത്തിനൽകാൻ ജില്ലാഭണകൂടവുമായി ധാരണയിലായിട്ടുണ്ടെന്നും സാദെ അറിയിച്ചു. വൈകി, വീണ്ടും വീണ്ടും വൈകി താമസിക്കുന്ന പദ്ധതികൾക്ക് ഏറ്റവും മികച്ച ഉദാഹരണമാകും കോഴിക്കോട് ബൈപാസ്. 45 മീറ്ററിൽ റോഡ് നിർമിക്കാൻ സ്ഥലമേറ്റെടുത്തിട്ട് 28 വർഷം കഴിഞ്ഞു.
ദേശീയപാതയുടെ വികസനത്തിന് മലപ്പുറത്തും കോഴിക്കോട് ജില്ലയുടെ മറ്റുഭാഗങ്ങളിലും സ്ഥലമേറ്റെടുക്കാത്തതിനാൽ ദേശീയപാത അതോറിറ്റി പദ്ധതി ഏറ്റെടുത്തില്ല. പിന്നീട് ജനപ്രതിനിധികളുടെ സമ്മർദത്തെ തുടർന്ന് 2 വരിയിലായി സംസ്ഥാനംതന്നെ റോഡ് നിർമിച്ചു. 2015ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനത്തോടെയാണ് വികസന പദ്ധതിക്കു പുതുജീവൻ വച്ചത്. ബൈപാസ് ആറുവരിയാക്കൽ സ്റ്റാൻഡ് എലോൺ പദ്ധതിയായി 2016ൽ തന്നെ ആരംഭിക്കുമെന്നായിരുന്നു തീരുമാനം. എങ്കിലും ഡിപിആർ തയാറാക്കാനുള്ള കൺസൽറ്റൻസിയെ കണ്ടെത്തുന്നത് വൈകി. ഡിപിആർ തയാറാക്കി പദ്ധതി ടെൻഡർ ചെയ്തെങ്കിലും ചെലവ് അധികമാണെന്ന കാരണത്താൽ കേന്ദ്ര അനുമതി വൈകി.
ഇതിനാൽ ടെൻഡർ തുറക്കുന്നത് 7 തവണ മാറ്റിവച്ചു. ഇതിനിടെ പ്രദേശവാസികളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള അടിപ്പാതകളും മേൽപാലങ്ങളും എം.കെ. രാഘവൻ എംപിയുടെ ഇടപെടലിനെത്തുടർന്ന് ഡിപിആറിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2017 ഡിസംബറിൽ ടെൻഡർ തുറന്നെങ്കിലും കരാറെടുത്ത കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീണ്ടും പദ്ധതി വൈകുകയാണ്. ഇനിയും വൈകിയാൽ കെഎംസിയുടെ കരാർ റദ്ദാക്കി ടെൻഡറിൽ രണ്ടാമതെത്തിയ കമ്പനിയെ ഏൽപിക്കുകയോ, വീണ്ടും ടെൻഡർ വിളിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
നടപടികൾ ഈമാസം തന്നെ: എംപിയോട് എൻഎച്ച്എഐ കോഴിക്കോട് ബൈപാസ് വികസനവുമായി ബന്ധപ്പെട്ട നടപടികൾ ഈമാസം 30നുള്ളിൽ പൂർത്തീകരിച്ച് താമസിയാതെ ജോലികൾ തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നടപ്പാകുന്നത്. ദേശീയപാത 66ന്റെ ഭാഗമായ കോഴിക്കോട് ബൈപാസ് വികസനം സ്റ്റാൻഡ് എലോൺ പദ്ധതിയായി അംഗീകരിച്ചത് കേന്ദ്രമന്ത്രാലയത്തിൽ ശക്തമായ സമ്മർദം ചെലുത്തിയതിനെത്തുടർന്നാണെന്നും എംപി പറഞ്ഞു.
0 Comments