താമരശേരി: നിര്‍മാണ പ്രവര്‍ത്തനത്തില്‍ പെണ്‍കരുത്ത് തെളിയിക്കുകയാണ് പുതുപ്പാടി പയോണ ആദിവാസി കോളനിയിലെ പ്രിയം അയല്‍ക്കൂട്ടത്തിലെ 10 വനിതകള്‍. പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച നിര്‍മാണ യൂണിറ്റിലെ അംഗങ്ങളായ ചന്ദ്രിക, ബിന്ദു, ശാന്ത, സൗമിനി, സുനിത, സീത, ലത, ലക്ഷ്മി, സുമതി, പി.സി. ചന്ദ്രിക എന്നിവരാണ് വീട് നിര്‍മാണത്തില്‍ പരിശീലനം നേടുന്നത്. ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവായ മട്ടിക്കുന്ന് ചുണ്ടത്തുംപൊയില്‍ മൈഥിലിയുടെ വീട് നിര്‍മിച്ചാണ് ഇവര്‍ പരിശീലനം നേടുന്നത്. സംസ്ഥാനത്ത് വിവിധ സിഡിഎസുകളില്‍ ഇതേ രീതിയില്‍ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടെങ്കിലും ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ അംഗങ്ങളായ യൂണിറ്റ് ആദ്യമാണ്. വീടിന്റെ അടിത്തറ മുതല്‍ തറകെട്ട് , ബെല്‍റ്റ് വാര്‍പ്പ്, പടവ് പണി, മേല്‍ക്കൂര കോണ്‍ക്രീറ്റ്, തേപ്പ്, ഫ്ലോറിംഗ്, പെയിന്റിംഗ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങി എല്ലാ പണികളും ഇവര്‍തന്നെയാണ് ചെയ്യുന്നത്. 40 ദിവസം ആറ് മണിക്കൂര്‍ വീതമാണ് പരിശീലനം. പരിശീലന കാലയളവില്‍ 200 രൂപ സ്റ്റൈപ്പന്റ്, ഭക്ഷണം, യാത്രബത്ത, യൂണിഫോം, ഹെല്‍മറ്റ്, ഷൂ എന്നിവയും നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങളും നല്‍കും. കെട്ടിടം പണിയിലെ വിദഗ്ധനായ ഈങ്ങാപ്പുഴ സ്വദേശി പി.എം.രാജനാണ് സിഡിഎസിനുവേണ്ടി പരിശീലനം നൽകുന്നത്.
നിര്‍മാണ മേഖലയില്‍ മുന്‍പരിചയമില്ലെങ്കിലും ആവേശത്തോടെയാണ് ഇവർ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. 400 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന വീടിന് രണ്ടു മുറിയും ഹാളും അടുക്കളയും ശുചിമുറിയും ഉണ്ട്. ഓഗസ്റ്റ് എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി തറക്കല്ലിട്ട നിര്‍മാണം ഉരുള്‍പൊട്ടല്‍ മൂലം നിര്‍ത്തിവച്ചിരുന്നു. ഒക്ടോബര്‍ 23നാണ് പണി പുനരാരംഭിച്ചത്. പരിശീലനം പൂര്‍ത്തിയാല്‍ സ്വന്തമായി വീട് നിര്‍മാണം ഏറ്റെടുക്കാനാണ് ഇവരുടെ തീരുമാനം. 'പതിനാല് ദിവസം പിന്നിട്ട പരിശീലനത്തില്‍ ഇനി ബാക്കിയുള്ളത് 26 ദിവസമാണ്. 26 ദിവസം കൊണ്ട് വീടിന്റെ മുഴുവന്‍ പണിയും തീര്‍ത്ത് താക്കോല്‍ കൈമാറണമെന്നതിനാൽ ഇവര്‍ക്ക് വിശ്രമമില്ല.
0 Comments