പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ‘കൈനിറയെ പണം’


നാദാപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൻ നിങ്ങളെ തേടിയെത്തുന്നത് കൈനിറയെ പണം. നാദാപുരം മേഖലയിലെ ചില കച്ചവടക്കാരും ഇറച്ചി കടക്കാരുമാണ് മാലിന്യം തള്ളാൻ വൻതോതിൽ പണം ഇറക്കുന്നത്. മറുനാടൻ തൊഴിലാളികളെയാണ് രാത്രി സമയങ്ങളിൽ മാലിന്യംതള്ളാൻ ചില കച്ചവടക്കാർ ഉപയോഗിക്കുന്നത്‌. ഒരു പിക്കപ്പ് ലോറിയിൽ മാലിന്യം തള്ളിയാൽ 5000 മുതൽ 10,000 രൂപ വരെ ലഭിക്കും. ആരോഗ്യവകുപ്പോ പോലീസോ ഇവ പിടികൂടിയാൽ അതിന്റെ പിഴ കടയുടമ വഹിക്കും. വാഹനം പോലീസ് കസ്റ്റഡിയിലെടുത്താൽ അതിനുവേണ്ടിയുള്ള നിയമ സാമ്പത്തിക സഹായങ്ങൾ കടയുടമകൾ നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം.മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് കടയുടമകൾ ഇങ്ങനെചെയ്യുന്നത്. പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് മാലിന്യംതള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതോടെ ഈ രീതി ഒഴിവാക്കുന്നുണ്ട്. രാത്രിസമയങ്ങളിൽ പോക്കറ്റ് റോഡുകളിലാണ് മാലിന്യം നിറച്ച വലിയ പ്ലാസ്റ്റിക്‌ സഞ്ചി സംഘം തള്ളുന്നത്. അബദ്ധത്തിൽ ആരെങ്കിലും കണ്ടാൽ ലോറിയിൽനിന്ന്‌ തെറിച്ചുവീണതാണെന്നാണ് ഡ്രൈവർമാരുടെ വിശദീകരണം. മാലിന്യംതള്ളുന്ന ഇറച്ചി കടക്കാർക്കും മറ്റുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കല്ലാച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യംതള്ളിയ ബേക്കറി കഴിഞ്ഞ ദിവസം നാദാപുരം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതർ പൂട്ടിച്ചിരുന്നു. നാദാപുരം മേഖലയിൽ രാത്രികാല പോലീസ് പട്രോളിങ്‌ ഉണ്ടെങ്കിലും മാലിന്യംതള്ളുന്ന സംഘത്തെ കണ്ടെത്താൻ ഇത് വരെ സാധിച്ചിട്ടില്ല.

Post a Comment

0 Comments