മേഖലാ ശാസ്ത്രകേന്ദ്രത്തിലെ കന്റീൻ അടച്ചുപൂട്ടി



കോഴിക്കോട്:ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ കടുംപിടിത്തവും കരാറുകാരുടെ ഇടപെടലും രൂക്ഷമായതോടെ മേഖലാ ശാസ്ത്രകേന്ദ്രത്തിലെ കന്റീൻ നടത്തിപ്പ് പ്രതിസന്ധിയിൽ. നവംബർ 1നു പൂട്ടിയ കന്റീൻ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഇനിയും നീളുകയാണ്. മേഖലാ ശാസ്ത്രകേന്ദ്രത്തിലെത്തുന്ന സന്ദർശകർ ഒരു കുപ്പി വെള്ളമോ ഒരു ചായയോ കാപ്പിയോപോലും കിട്ടാതെ പ്രയാസത്തിലുമാണ്.



മുംബൈ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണു കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിലെ കന്റീൻ നടത്തിപ്പിന്റെ കാര്യം തീരുമാനിക്കുന്നത്. ടെൻഡർ വിളിച്ചാണു കരാർ കൊടുക്കുന്നത്. ഇ–ടെൻഡറിലൂടെ അപേക്ഷ ക്ഷണിച്ചു. കരാറുകാർ ക്വോട്ട് ചെയ്ത തുക കുറവായതിനാലും യോഗ്യതയുള്ളവർ ഇല്ലാതിരുന്നതിനാലും ആദ്യ ടെൻഡർ ആർക്കും അനുവദിച്ചില്ല. ഇപ്പോൾ രണ്ടാമതും ടെൻഡർ വിളിച്ചിട്ടുണ്ട്.

കോഴിക്കോടിന്റെ ആവശ്യം മനസ്സിലാക്കി ചട്ടങ്ങളിൽ ഇളവു വരുത്താൻ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ മനസ്സു കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വരുമാനത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ മുംബൈയിലെ ഓഫിസിലിരിക്കുന്ന ഉദ്യോഗസ്ഥരാണു കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനാൽ പ്രായോഗികമായി ചില ബുദ്ധിമുട്ടുകൾ ഇവിടെയുള്ളവർ നേരിടുന്നുമുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കന്റീൻ പ്രശ്നവും.



കരാറുകാരും ചില ‘കളികൾ’ നടത്തുന്നതായി ഉദ്യോഗസ്ഥരിൽ ചിലർക്കു സംശയമുണ്ട്. കന്റീനിൽ കണ്ണുവച്ചിട്ടുള്ള ചിലർ മാത്രം കൂടിയ നിരക്ക് ക്വോട്ട് ചെയ്യാനുള്ള ശ്രമം നടത്തുന്നതായാണ് ആരോപണം. നഗരത്തിനുള്ളിൽ അത്തരമൊരു സ്ഥലം ലഭിക്കുന്നതു മറ്റു പല തരത്തിലും ഗുണം ചെയ്യുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർക്കറിയാം. അവരുടെ ഇടപെടലും തീരുമാനം വൈകുന്നതിനു പിന്നിലുണ്ടെന്നു കരുതുന്നവരുണ്ട്.  അടുത്തയിടെ ഇന്നവേഷൻ ഫെസ്റ്റിവൽ നടത്തിയപ്പോൾ ശാസ്ത്രകേന്ദ്രത്തിൽ താൽകാലികമായാണു സന്ദർശകർക്കായും വിദ്യാർഥികൾക്കായും ഭക്ഷണ, പാനീയ സൗകര്യമൊരുക്കിയത്. സന്ദർശകരുടെ തിരക്കു വർധിച്ചു വരുന്ന ഈ സമയത്തു കന്റീനിന്റെ അഭാവം മേഖലാ ശാസ്ത്രകേന്ദ്രത്തിലെത്തുന്നവരുടെ പരാതി വർധിപ്പിക്കുമെന്ന ആശങ്ക ജീവനക്കാർക്കുണ്ട്.

Post a Comment

0 Comments