കോഴിക്കോട്: നഗരത്തിൽ വാഹനാപകടങ്ങളും അപകട മരണവും കുറയുന്നതായി റിപ്പോർട്ട്. ഈ വർഷം ഒക്റ്റോബർ 31 വരെയുള്ള കണക്കാണിത്.2017ൽ 1,467 വാഹനാപകടങ്ങളുണ്ടായ നഗരത്തിൽ ഈ വർഷം ഒക്റ്റോബർ 31 വരെ 1,157 അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം 184 മരണങ്ങൾ നഗരത്തിലെ വാഹനാപകടങ്ങൾ മൂലമുണ്ടായപ്പോൾ കഴിഞ്ഞമാസം വരെ 130 പേരാണ് വാഹനാപകടം മൂലം മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് കാലവർഷക്കാലമായ ജൂണിലാണ്- 20 പേർ. ഏറ്റവും കുറവ് മരണനിരക്ക് സെപ്റ്റംബറിലാണ് - 6 പേർ. 854 പേർക്ക് ഗുരുതര പരുക്കും 402 പേർക്ക് നിസാര പരുക്കുമാണ് രേഖപ്പെടുത്തപ്പെട്ടത്. ഡിവൈഡർ തട്ടി അഞ്ചു അപകടളുണ്ടായി; രണ്ടു പേർ മരിച്ചു.
കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ ട്രാഫിക് ക്ലബ്ബുകൾക്ക് രൂപം കൊടുക്കുന്നുണ്ട്.മദ്യപിച്ച് വാഹനമോടിക്കുന്നതിനും ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതിനും പിടിച്ച് കഴിഞ്ഞാൽ ബോധവത്കരണ ക്ലാസുകൾ കൊടുക്കുന്നുണ്ട്. അപകടത്തിന്റെ തോതനുസരിച്ച് ക്ലാസിന്റെ ദൈർഘ്യം കൂടും. ഒരാഴ്ചയിലധികം നീളുന്ന ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കേണ്ടി വരും. പിഴവിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പരിശീലന കാലയളവ് തീരുമാനിക്കുക. കോഴിക്കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹനവകുപ്പ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും ക്ലാസ് നൽകും. പങ്കെടുക്കാതെ വീട്ടിലിരിക്കാമെന്ന് കരുതിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള അറിയിപ്പുകൾ വീട്ടിലെത്തും.പൊലീസിന് സഹായവുമായി സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും ബോധവൽക്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.
ക്യാമറകൾ പ്രവർത്തനരഹിതം
സിസിടിവി ക്യാമറകൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല.ആകെ 76 ക്യാമറകളാണ് നഗരത്തിന്റെ പല ഭാഗങ്ങളിലായി വാഹന ഗതാഗതം നിരീക്ഷിക്കാൻ സജ്ജീകരിച്ചിട്ടുള്ളത്. അതിൽ 36 എണ്ണമാണ് പ്രവർത്തനരഹിതമായിട്ടുള്ളത്.ഡിവൈഡർ തട്ടി രണ്ടു മരണം ഉണ്ടായിട്ടുണ്ട്. അഞ്ച് അപകടങ്ങളും.
പെറ്റിക്കേസുകളുടെ എണ്ണത്തിലും കുറവ്
കോഴിക്കോട് നഗരത്തിൽ ട്രാഫിക് പെറ്റിക്കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞ വർഷം 239 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഒക്റ്റോബർ 31 വരെ 182 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് കഴിഞ്ഞ വർഷം 4997 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം 2567 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമിത വേഗതയ്ക്ക് ഇത്തവണ 9442 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷം 20660 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് പകുതിയായി ആണ് ഈ നിരക്ക് കുറഞ്ഞത്. എന്നാൽ ഹെൽമറ്റ് ധരിക്കാത്തതിന് ഈ ഒക്റ്റോബർ 31 വരെ 12258 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം 11008 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. സംഗതികൾ ഇങ്ങനെയെല്ലാമാണെങ്കിലും നഗരത്തിൽ വാഹനപ്പെരുപ്പം ഗണ്യമായി കുതിച്ചുയരുന്നുണ്ട്. അതിനനുസരിച്ചുള്ള റോഡ്-ഗതാഗത സംവിധാനങ്ങളുടെ വികസനത്തിൽ അപര്യാപ്തതയുമുണ്ട്.
0 Comments