രാമനാട്ടുകര മേൽപ്പാലം |
കോഴിക്കോട്:തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളിലെ മേൽപ്പാലങ്ങൾ പൂർത്തിയായി. ചായംപൂശി മനോഹരമാക്കി പൂർണമായി സജ്ജമാക്കിയിരിക്കുകയാണ്. ക്രിസ്‌മസോടെ പാലത്തിന്റെ ഉദ്ഘാടനം നടക്കും. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കൽ തെരുവുവിളക്കുകളുടെ അവസാനഘട്ട പ്രവൃത്തികൾ എന്നിവയേ ഇനി ബാക്കിയുള്ളൂ. ഒരാഴ്ചക്കുള്ളിൽ അവയെല്ലാം പൂർത്തിയാക്കും. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താനാണുദ്ദേശിക്കുന്നത്. രാമനാട്ടുകര മേൽപ്പാലത്തിലാണ് 99 ശതമാനം ജോലികളും കഴിഞ്ഞത്. തെരുവുവിളക്കുകൾ മുഴുവനും സ്ഥാപിച്ച് വൈദ്യുതീകരണവും കഴിഞ്ഞു. തൊണ്ടയാട് മേൽപ്പാലത്തിൽ തെരുവുവിളക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. പാലത്തിന്റെ താഴെ ടാറിങ്ങും കഴിഞ്ഞു. രാമനാട്ടുകരയിൽ എയർപോർട്ട് റോഡിൽ 200 മീറ്ററോളമാണ് ടാർ ചെയ്തത്. ടാറിങ്ങിനൊപ്പം തന്നെയാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നത്. രണ്ടുപാലങ്ങളും ഉദ്ഘാടനംകഴിഞ്ഞയുടൻ ദേശീയപാത അതോറിറ്റിക്ക് കൈമാറും.
കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കൽ തുടങ്ങുന്നതോടെ ഈ രണ്ടുപാലങ്ങളോടും ചേർന്ന് മൂന്ന് വരിയിൽ മറ്റൊരു പാലംകൂടെ എൻ.എച്ച്.എ.ഐ. പണിയും. അതോടെ പാലത്തിലൂടെയുള്ള ഗതാഗതം വൺവേ ആക്കും. തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും പുറമേ വെങ്ങളം, പൂളാടിക്കുന്ന്, സൈബർപാർക്ക്, പന്തീരാങ്കാവ്, അഴിഞ്ഞിലം എന്നിവിടങ്ങളിൽ അഞ്ച് മേൽപ്പാലങ്ങൾ കൂടെ പണിയുന്നുണ്ട്. ഇതോടൊപ്പം അമ്പലപ്പടി, മൊകവൂർ, കൂടത്തുംപാറ, വയൽക്കര എന്നിവടങ്ങളിൽ അടിപ്പാതകളും വരുന്നുണ്ട്. ഇതെല്ലാം യാഥാർഥ്യമാവുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായതന്നെമാറും. ബൈപ്പാസ് വഴിയുള്ള ഗതാഗതം സുഗമമാവും. അപകടവും കുറയും.
പ്രതിസന്ധി തീരാതെ ആറുവരിപ്പാത വികസനം
വെങ്ങളംമുതൽ രാമനാട്ടുകരവരെ ദേശീയപാത ആറുവരിയാക്കാനുള്ള കരാറുറപ്പിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. നിലവിൽ കരാർ ഏറ്റെടുത്ത കമ്പനിക്ക് ബാങ്ക് ഗാരന്റി കൃത്യസമയത്ത് നൽകാൻ കഴിയാത്തതാണ് പ്രശ്നം. ദേശീയപാത അതോറിറ്റി നൽകിയ സമയം നവംബർ 30-ന് അവസാനിച്ചു. പ്രതിസന്ധി തീർക്കാൻ എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ചർച്ചനടത്തിയിരുന്നു. മലബാറിൽനിന്നുള്ള സഹകരണസംഘത്തെക്കൂടി പദ്ധതിയിൽ പങ്കാളികളാക്കി പ്രതിസന്ധി തീർക്കാൻ തത്ത്വത്തിൽ ധാരണയായതാണ്. പക്ഷേ, അന്തിമ തീരുമാനം ഇനിയും വൈകുകയാണ്. ദേശീയപാത വികസനം സ്ഥലമെടുപ്പിലെ കാലതാമസം കാരണം അനിശ്ചിതമായി വൈകുന്നതിനാൽ കോഴിക്കോട് ബൈപ്പാസ്‌മാത്രം ഒറ്റ പദ്ധതിയായി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി വേഗം പൂർത്തിയാക്കലായിരുന്നു ലക്ഷ്യമെങ്കിലും ടെൻഡർ ഉൾപ്പെടെയുള്ള നപടികൾ വൈകി. തുടക്കത്തിലേ കാലതാമസം നേരിട്ടു. മറ്റ് ദേശീയ പാത പദ്ധതികളെക്കാൾ ചെലവുകൂടിയതിനാൽ എൻ.എച്ച്.എ.ഐയുടെ അംഗീകാരം കിട്ടാനും വൈകി. എല്ലാ തടസ്സങ്ങളും മറികടന്നെത്തിയപ്പോഴാണ് കരാറുകാർ കാരണം ഇപ്പോൾ പ്രതിസന്ധിയുണ്ടായത്. സെപ്‌റ്റംബറിൽ നിർമാണം തുടങ്ങാനിരുന്നതായിരുന്നു. പക്ഷേ, ഇനിയും ഏറെനാൾ നീണ്ടുപോവുന്ന അവസ്ഥയാണ്.
മേൽപ്പാലം പണി ആരംഭിച്ചത് 2016-ൽ
സ്ഥലമെടുപ്പ് പ്രതിസന്ധിയിലായതിനാൽ ദേശീയപാത വികസനത്തിൽനിന്ന് എൻ.എച്ച്.എ.ഐ. പിൻമാറിയതോടെ 2016-ലാണ് സംസ്ഥാന പൊതുമരാമത്തുവകുപ്പ് പാലത്തിന്റെ പണിതുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാകാനിരുന്നതാണ്. ജലഅതോറിറ്റിയുടെ പൈപ്പുകളും കെ.എസ്.ഇ.ബി. വൈദ്യുതത്തൂണുകളും മാറ്റാൻ വൈകിയതോടെ നവംബർ വരെ നീണ്ടുപോയി. തൊണ്ടയാട് 500 മീറ്ററും രാമനാട്ടുകരയിൽ 440 മീറ്ററുമാണ് പാലത്തിന്റെ നീളം. 12 മീറ്ററിൽ രണ്ടുവരിയായാണ് പണിതിട്ടുള്ളത്. പാലത്തിന്റെ ഇരുഭാഗത്തുമായി 24 മീറ്റർ ഇടവിട്ട് തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പാലങ്ങളിലൂടെയും വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നേരത്തേ നടത്തിയിരുന്നു. രാമനാട്ടുകര ജങ്ഷനിൽ ടാറിങ് നടക്കുമ്പോൾ മേൽപ്പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. തൊണ്ടയാടിൽനിന്ന് വ്യത്യസ്ഥമായി രാമനാട്ടുകരയിൽ സ്ലാബുകൾക്കിടയിൽ വിടവില്ലാത്ത തരത്തിലാണ് പാലം പണിതിട്ടുള്ളത്. അതുകൊണ്ട് യാത്ര സുഖകരമായിരിക്കും.
0 Comments