ജപ്പാന്‍ കുടിവെള്ള പദ്ധതി: കോഴിക്കോട് 70 ശതമാനം പൂര്‍ത്തിയായികോഴിക്കോട്: ജില്ലയില്‍ അഞ്ച് പാക്കേജുകളിലായി നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നാല് പാക്കേജുകളുടെ ജോലികള്‍ പൂര്‍ത്തീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.  പദ്ധതിയുടെ 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രതിദിനം 174 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാല പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാണ്. പദ്ധതിയുടെ 20 ജലസംഭരണികളുടെയും 150 മീറ്റര്‍ പൈപ്പ്‍ലെെന്‍ ഒഴികെ അതിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളുടെയും പണി പൂര്‍ത്തീകരിച്ചു.ബേപ്പൂര്‍, കടലുണ്ടി മേഖലകളിലെ വിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂര്‍ മേഖലയില്‍ ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം കോവൂര്‍ മേഖലയില്‍ 13 കിലോമീറ്ററും , പൊറ്റമ്മലില്‍ 14 കിലോമീറ്ററും അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കും. ഈസ്റ്റ്ഹില്‍ , മലാപ്പറമ്പ്, ബാലമന്ദിരം , ഇരവത്ത് കുന്ന് മേഖലകളില്‍ അടുത്തവര്‍ഷം മേയില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാലുശ്ശേരി മേഖലയില്‍ പൂര്‍ണ്ണമായും നന്മണ്ട, കുന്ദമംഗലം, കക്കോടി, കുരുവട്ടൂര്‍, മേഖലകളില്‍ ഭാഗികമായും ജലവിതരണം ആരംഭിച്ചിട്ടുണ്ട്.

ജൈക്ക പദ്ധതിയില്‍ 1854 കിലോമീറ്റര്‍ വിതരണ ശൃംഖലയിലെ 1421 കിലോമീറ്റര്‍ പൈപ്പ് ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. പദ്ധതിയുടെ ജില്ലയിലെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പി ടി എ റഹീം എംഎല്‍എയുടെ ചോദ്യത്തിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണം.

Post a Comment

0 Comments