നരിക്കുനി ടൗൺ |
നരിക്കുനി: അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പരിഗണിക്കപ്പെട്ട റിങ് റോഡ് പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു. കാരാട്ട് റസാഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച യോഗം ചേർന്നു. മുഴുവൻ സ്ഥലമുടമകളും എത്താത്തതിനെ തുടർന്ന് നാളെ (18-ന്) വൈകീട്ട് നാലിന് പഞ്ചായത്ത് ഹാളിൽ വീണ്ടും യോഗം ചേരും.
2009-ൽ പി.ടി.എ. റഹീം എം.എൽ.എ. ഒൻപതര കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നാല് ലക്ഷം രൂപ ചെലവഴിച്ച് പ്രാരംഭനടപടികളെന്ന നിലയിൽ രൂപരേഖ തയ്യാറാക്കൽ, മണ്ണ് പരിശോധന, ഭാഗികമായി കല്ലിടൽ എന്നിവ നടന്നെങ്കിലും സ്ഥലമുടമകളുടെ പ്രതിഷേധംമൂലം കല്ലിടൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
നാല് റീച്ചുകളിലായാണ് നിർദിഷ്ടസ്ഥലം കിടക്കുന്നത്. ഇതിൽ ഒന്നും രണ്ടും റീച്ചുകളിൽ കല്ലിടൽ നടന്നിരിക്കയാണ്. എന്നാൽ സഥലം ഏറ്റെടുക്കാൻ വൈകിയതോടെ സഥാപിച്ച കല്ലുകൾ ഇളകിപ്പോവുകയോ ഇളക്കിമാറ്റുകയോചെയ്ത നിലയിലായി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിലവിലെ റോഡ് വിപുലീകരിക്കാൻ സാധ്യമല്ലാത്തതുമൂലം ബദൽറോഡ് മാത്രമേ പരിഹാരമുള്ളൂവെന്ന് നാട്ടുകാർ സമ്മതിക്കുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതിയും റിങ് റോഡിന് പച്ചക്കൊടി കാണിച്ചിരിക്കയാണ്. യോഗത്തിൽ പ്രസിഡന്റ് ഇൻ ചാർജ് പി. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
നരിക്കുനി റിങ് റോഡിനായി 2009-ൽ അന്നത്തെ സർക്കാർ ഒൻപതരകോടി രൂപ നീക്കിവെച്ചെങ്കിലും സ്ഥലമുടമകളിൽ ചിലർ സഥലം വിട്ടുനൽകാത്തതിനാൽ പദ്ധതി നടപ്പിലാക്കാനായില്ലെന്ന് കാരാട്ട് റസാഖ് എം.എൽ.എ. പറഞ്ഞു. എം.എൽ.എ. ആയി അധികാരമേറ്റ് 31 മാസത്തോളമായി നടത്തിയ ഇടപെടലുകളും പൂർണഫലം കണ്ടിട്ടില്ല. സ്ഥലം നഷ്ടപ്പെടുന്നവർക്ക് അതിന്റെ വില നൽകാൻ സർക്കാർ തയ്യാറാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സഥലമുടമകളുമായി സമവായമുണ്ടാക്കുന്നതിനായി അവസാനഘട്ട ചർച്ച 18-ന് നടക്കുമെന്നും കാരാട്ട് റസാഖ് എം.എൽ.എ. പറഞ്ഞു.
0 Comments