കോഴിക്കോട്: സൗത്ത് ബീച്ചില്‍ പുതുതായി പേ പാർക്കിങ് സംവിധാനം വരുന്നതിനെതിരെ സഞ്ചാരികളും പ്രതിഷേധത്തിലാണ്. തുറമുഖ വകുപ്പിന്റെ ഭൂമിയാണ് പണംവാങ്ങി പാർക്കിങ് സംവിധാനമേര്‍പ്പെടുത്താന്‍ സ്വകാര്യവ്യക്തിക്ക് കൈമാറിയത്. നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പോര്‍ട്ട് അധികൃതര്‍ക്ക് കത്തുനല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. നവീകരിച്ച സൗത്ത് ബീച്ചിന്റെ മുന്‍വശത്താണ് പാര്‍ക്കിംഗിന് ഇടമുള്ളത്.
ദിവസേന നിരവധി കാഴ്ചക്കാരെത്തുന്ന ബീച്ചില്‍ വാഹനങ്ങള്‍ തിങ്ങി നിറയാറുണ്ട്. കോഴിക്കോട്ടുകാര്‍ക്ക് കടലിന്റെ സൗന്ദര്യമാസ്വദിക്കാന്‍ എല്ലാ സംവിധാനങ്ങളും സുസജ്ജമെന്നാണ് ഉദ്ഘാടനദിനത്തില്‍ ടൂറിസം മന്ത്രിയും ജനപ്രതിനിധികളും ഡി.ടി.പി.സിയും നഗരസഭയുമൊക്കെ പറഞ്ഞത്. എന്നാല്‍ ഗതാഗതതടസ്സത്തിനുപുറമെ സഞ്ചാരികള്‍ക്ക് ഇരട്ടിയാഘാതം സൃഷ്ടിച്ചുകൊണ്ടാണ് പേ പാർക്കിങ് സംവിധാനം നിലവില്‍ വരുന്നത്.
നവീകരിച്ച ബീച്ചിനു മുന്‍വശത്തുള്ള തുറമുഖ ഭൂമി പാർക്കിങ് ഏരിയയായി അനുവദിക്കാന്‍ സ്വകാര്യ വ്യക്തി നല്‍കിയ ഒരു ലക്ഷത്തി ഇരുപത്തിയൊരായിരം രൂപയുടെ ക്വട്ടേഷനാണ് തുറമുഖവകുപ്പ് അംഗീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നവംബര്‍ വരെയാണ് കാലാവധി. ഇരുചക്രവാഹനങ്ങള്‍ക്ക് പത്തും മറ്റുവാഹനങ്ങള്‍ക്ക് മുപ്പതുരൂപയുമാണ് ഈടാക്കുന്നത്. ടെണ്ടറിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും കരാറുകാരനോട് തുറമുഖവകുപ്പ് ആവശ്യപ്പെടുന്നുണ്ട്. പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ നവീകരിച്ച ബീച്ചില്‍ സന്ദര്‍ശകരുടെ എണ്ണം കുറയുമെന്നും വിലയിരുത്തലുണ്ട്.
0 Comments