കോഴിക്കോടും ഹര്‍ത്താലിനോട് NO പറയുന്നു


കോഴിക്കോട്: തോന്നിയ പോലെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഇനി ജനം വലയേണ്ട. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ബസ്, ലോറി ഗതാഗതം പതിവുപോലെ നടത്താനും കോഴിക്കോട്ട് ചേര്‍ന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ തീരുമാനം. എന്നാല്‍ ദേശീയ പൊതുപണിമുടക്കുകളില്‍ എന്തു നിലപാട് എടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 32 സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും.ഹര്‍ത്താലിന് ഇനി കടകള്‍ അടയ്ക്കില്ലെന്നും പൊതു വാഹനങ്ങള്‍ ഓടുമെന്നും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ജില്ലകള്‍ തോറും നടത്തുന്ന കണ്‍വന്‍ഷനുകളില്‍ പ്രഖ്യാപിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവരെയും കണ്‍വന്‍ഷനുകളില്‍ പങ്കെടുപ്പിക്കും. യോഗ തീരുമാനം എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ അറിയിക്കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ജനങ്ങളെ മണ്ടന്‍മാരാക്കുന്ന ഹര്‍ത്താലിനെതിരേ മേലില്‍ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായത്തോട് വ്യാപാരികളും കൈകോര്‍ക്കുകയായിരുന്നു.

ഹര്‍ത്താല്‍ സമരമുറ ഉപേക്ഷിക്കുന്നതിന് വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റിജീയന്‍, എയര്‍റെയില്‍റോഡ്‌വാട്ടര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി എന്നീ സംഘടനകളുടെ അടിയന്തര സംയുക്ത യോഗം തീരുമാനിച്ചിരുന്നു. ഒരു ദിവസത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്തിന് ഏകദേശം ആയിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിന് പുറമെ അനേകം മനുഷ്യവിഭവ ശേഷിയും നഷ്ടപ്പെടുന്നതായി യോഗം വിലയിരുത്തി.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...അനാവശ്യ ഹര്‍ത്താലുകളില്‍ വ്യാപാരികള്‍ക്ക് വേണ്ടരീതിയിലുള്ള പരിരക്ഷയും സംരക്ഷണവും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടവരും പിന്മാറണമെന്നും അനാവശ്യ ഹര്‍ത്താലുകള്‍ നിയമം മൂലം നിരോധിക്കണമെന്നും കണ്ണൂരില്‍ ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ഥിച്ചിരുന്നു. ഹര്‍ത്താല്‍ ജനവിരുദ്ധ സമരം ഉപേക്ഷിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റീജിയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടറിയേറ്റും ഹര്‍ത്താലിനോട് നിസഹകരണം പ്രഖ്യാപിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് മിഠായിത്തെരുവിലെ വ്യാപാരികളാണ്. പിന്നീട് പലയിടത്തും ഹര്‍ത്താലിനെതിരേ വിവിധ കൂട്ടായ്മകള്‍ രംഗത്തുവരികയായിരുന്നു.

Post a Comment

0 Comments