പേരാമ്പ്രയിലെ ബസുകളിലും സ്റ്റാൻഡിലും മോഷണം തുടർക്കഥയാവുന്നു: വലഞ്ഞ് യാത്രക്കാർ

Perambra Bus Stand


പേരാമ്പ്ര: പേരാമ്പ്രയിലേക്കുള്ള ബസിൽ കയറിയാൽ ഇപ്പോൾ യാത്രക്കാർ പേഴ്‌സും മൊബൈൽ ഫോണും പോക്കറ്റിൽ തന്നെയുണ്ടോയെന്ന് ഇടയ്ക്കിടെ തപ്പിനോക്കുകയാണ്. കണ്ണുതെറ്റിയാൽ ഇവയെല്ലാം മോഷ്ടിച്ചെടുക്കുന്ന വിരുതൻമാർ ഈ മേഖലയിൽ തമ്പടിച്ചതോടെയാണിത്. അടുത്തിടെയായി ഒട്ടേേറ മോഷണങ്ങളാണ് ബസുകളിലും പേരാമ്പ്ര ബസ്‌സ്റ്റാൻഡിലുമായി നടന്നത്.



രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് പിടികൂടിയിരുന്നെങ്കിലും മോഷണം തുടരുകയാണ്. പേരാമ്പ്ര ബസ്‌സ്റ്റാൻഡിൽ നിർത്തിയ ബസിൽനിന്ന് കുഞ്ഞിന്റെ ബ്രേസ് ലെറ്റ് പൊട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് 13-ന് മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപം വിദ്യയെ (18) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മന്ദങ്കാവ് സ്വദേശി സുറുമിയുടെ മകളുടെ കൈയിലുണ്ടായിരുന്ന സ്വർണ ബ്രേസ് ലെറ്റാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. വലിയ സംഘംതന്നെ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ ഒരു സ്ത്രീയെ ജാമ്യത്തിലിറക്കാൻ എറണാകുളത്തുനിന്നാണ് അഭിഭാഷകനെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായാൽ പെട്ടെന്ന് വേഷം മാറി രക്ഷപ്പെടാൻ ഒന്നിൽ കൂടുതൽ വസ്ത്രങ്ങൾ ധരിച്ചാണ് മോഷ്ടിക്കാൻ സ്ത്രീകൾ എത്തുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാർക്കാണ് പണവും ഫോണും നഷ്ടമായത്. കൂരാച്ചുണ്ട് സ്വദേശി ജിലു വി. ജോണിന്റെയും മറ്റൊരു കോളേജ് വിദ്യാർഥിനിയുടെയും സ്മാർട്ട് ഫോണുകളാണ് നഷ്ടപ്പെട്ടത്. കോഴിക്കോട്ടുനിന്ന് പേരാമ്പ്രയ്ക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത പട്ടാണിപ്പാറയിലെ രവീണയുടെ ബാഗിൽ നിന്ന് അയ്യായിരം രൂപയും നഷ്ടമായി.

16-ന് നാലുപേരുടെ മൊബൈൽ ഫോണും പേഴ്‌സും മോഷണം പോയിരുന്നു. കുറ്റ്യാടിയിലെ നിസ്‌ലയുടെ സ്മാർട്ട്‌ ഫോൺ പേരാമ്പ്രയിൽ നിന്ന് ബസിൽ കയറുമ്പോഴാണ് നഷ്ടമായത്. കല്ലോട്ടെ സഫിയയുടെ പേഴ്‌സും 1500 രൂപയും എ.ടി.എം. കാർഡും നഷ്ടമായി. കൂരാച്ചുണ്ടിലേക്ക് ബസിൽ കയറുന്നതിനിടയിലായിരുന്നു മോഷണം. 17-നും ബസിൽ കയറുന്നതിനിടെ രണ്ട് യാത്രക്കാരുടെ സ്മാർട്ട് ഫോൺ നഷ്ടമായി. വടകര സ്വദേശി ഹർഷിനയുടെയും മറ്റൊരു യാത്രക്കാരിയുടെയും ഫോണുകളാണ് മോഷണം പോയത്.

Post a Comment

0 Comments