കോഴിക്കോട്: മലബാറിന്റെ ആകാശവീഥിക്ക് കരുത്തുപകര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാളെ സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനം പറന്നിറങ്ങും. പ്രതിസന്ധികളെ അതിജീവിച്ച് മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വ്യോമയാന പാതയൊരുക്കുന്ന വലിയ വിമാനത്തെ പ്രവാസികളും ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും നാട്ടുകാരും സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഒരുക്കുന്നത്. ജിദ്ദയില്‍നിന്ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന സഊദിയുടെ എസ്.വി 746 വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തുക. ആദ്യ സംഘത്തില്‍ സഊദി എയര്‍ ജനറല്‍ മാനേജര്‍, സഊദി കോണ്‍സില്‍ ജനറല്‍ എന്നിവരുമുണ്ടാകും.
298 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തില്‍ ഇന്നലെ വരെ 258 പേര്‍ യാത്രക്കാരായുണ്ട്. ഇന്നത്തോടെ വിമാന സീറ്റുകള്‍ പൂര്‍ണമാകും. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 32 കിലോയുടെ രണ്ടു ബാഗേജും ഒന്‍പത് കിലോയുടെ ഹാന്‍ഡ് ബാഗും എക്‌ണോമി ക്ലാസ് യാത്രക്കാര്‍ക്ക് 23 കിലോയുടെ രണ്ടു ബാഗേജുകളും ആറു കിലോ ഹാന്‍ഡ് ബാഗും അനുവദിച്ചിട്ടുണ്ട്. 17 ടണ്‍ കാര്‍ഗോയാണ് വിമാനത്തില്‍ അനുവദിക്കുക. എന്നാല്‍ യാത്രക്കാര്‍ കുറവുള്ള സമയത്ത് 20 കിലോ വരെ കൊണ്ടുപോകും. ആദ്യ വിമാനത്തെ എയര്‍പോര്‍ട്ട് അതോറിറ്റി വാട്ടര്‍ സെല്യൂട്ട് നല്‍കി സ്വീകരിക്കും.
വിമാനത്തിലെ കന്നിയാത്രക്കാര്‍ക്ക് പുഷ്പവും പ്രത്യേക സമ്മാനവും നല്‍കിയാണ് സ്വീകരിക്കുക. കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് എസ്.വി 747 ആയി ഉച്ചക്ക് 1.10ന് ജിദ്ദയിലേക്കു പറക്കും. ആദ്യ സംഘത്തില്‍ ഇന്നലെ വരെ 276 പേര്‍ യാത്രക്കാരായുണ്ട്. അവസാന നിമിഷം സീറ്റുകള്‍ പൂര്‍ണമാകും. ആഴ്ചയില്‍ ഏഴു ദിവസമാണ് കരിപ്പൂരില്‍നിന്ന് ആദ്യഘട്ടത്തില്‍ സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസുണ്ടാവുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കുമായിരിക്കും സര്‍വിസ്. ജനുവരിയില്‍ സര്‍വിസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.
കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പറ്റിങ്ങിന്റെ പേരില്‍ 2015 മാര്‍ച്ച് 30 മുതലാണ് വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് റീ-കാര്‍പറ്റിങ് ജോലികള്‍ കഴിഞ്ഞെങ്കിലും റണ്‍വേ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചതോ കരിപ്പൂരിന്റെ ചിറകൊടിയുകയായിരുന്നു. പിന്നീട് രാഷ്ട്രീയ-സാംസ്‌കാരിക, മതസാമൂഹിക സംഘടനകളുടെ ചെറുത്തുനില്‍പ്പ് സമരത്തിനൊടുവിലാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
0 Comments