കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്നൽ സംവിധാനവും പാളങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പണികൾ (ഇന്റർലോക്കിങ്) തുടങ്ങിയതിനാൽ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം. ചില വണ്ടികൾ മാത്രം കടത്തിവിടും. 11 വണ്ടികൾ ആലപ്പുഴ വഴിയാക്കും. പാസഞ്ചറുകളും മെമുവും റദ്ദാക്കി. കുറെ വണ്ടികൾ വൈകിയോടിക്കും. ശബരിമല തീർഥാടകർക്കായി രണ്ടു വണ്ടികൾ അധികം ഏർപ്പെടുത്തി. 23 വരെയാണ് നിയന്ത്രണം.
പുതിയ പാളം പഴയവയുമായി യോജിപ്പിച്ച് അപകടസാധ്യതകളില്ലെന്ന് ഉറപ്പാക്കി സിഗ്നലുകളും സ്ഥാപിക്കണം. പുതിയ പാതയിൽ 85 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാൻ മുഖ്യസുരക്ഷാ കമ്മിഷണറുടെ(സി.ആർ.സി.) അനുമതി ലഭിച്ചു. ക്രമേണ വേഗം കൂട്ടും. ഘട്ടംഘട്ടമായാണ് പണി നടത്തുന്നത്.
ആലപ്പുഴ വഴി
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്(17229), ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്(12626), നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്‌പ്രസ്(16650), കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്്‌പ്രസ്(16382), കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസ്(12202), കൊച്ചുവേളി- ഡെറാഡൂൺ പ്രതിവാര എക്സ്പ്രസ്(22659- വെള്ളിയാഴ്ച), ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്(16526), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081), ഹസ്രത്ത് നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്‌്പ്രസ്(22654), ഡെറാഡൂൺ- കൊച്ചുവേളി എക്സ്പ്രസ്(22660), വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്സ്പ്രസ്(18567- വെള്ളിയാഴ്ച) എന്നിവ ആലപ്പുഴ വഴിേയാടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ ഓരോ മിനിറ്റും ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ രണ്ടുമിനിറ്റും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
റദ്ദാക്കിയവ
കൊല്ലം-കോട്ടയം പാസഞ്ചർ(56394), കോട്ടയം-െകാല്ലം പാസഞ്ചർ(56393), എറണാകുളം-കായംകുളം പാസഞ്ചർ(56387-കോട്ടയം വഴി), കായംകുളം- എറണാകുളം പാസഞ്ചർ(56388-കോട്ടയം വഴി), എറണാകുളം-കായംകുളം പാസഞ്ചർ(56381-ആലപ്പുഴ വഴി), കായംകുളം-എറണാകുളം പാസഞ്ചർ(56382- ആലപ്പുഴ വഴി), എറണാകുളം-ആലപ്പുഴ പാസഞ്ചർ(56303), മെമു വണ്ടികളായ കൊല്ലം- എറണാകുളം(66300, 66307-കോട്ടയം വഴി), എറണാകുളം-കൊല്ലം(66301, 66308-കോട്ടയം വഴി)
ഭാഗികമായി റദ്ദാക്കിയത്
ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365), പുനലൂർ- ഗുരുവായൂർ പാസഞ്ചർ (56366), കായംകുളം എന്നിവ എറണാകുളത്തുനിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ(56380) ആലപ്പുഴ വരെയേ ഉണ്ടാകൂ.
സമയവ്യത്യാസം
14, 19, 20, 23 തീയതികളിൽ 10 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം- കാക്കിനഡ(07212) പ്രത്യേക തീവണ്ടി, 21-ലെ കൊല്ലം- വിജയവാഡ (07214) പ്രത്യേക വണ്ടി, 17-ാം തീയതിയിലെ കൊല്ലം-വിശാഖപട്ടണം(08516) എന്നീ തീവണ്ടികൾ രണ്ടുമണിക്കൂർ വൈകി 12-ന് പുറപ്പെടും. കന്യാകുമാരി-മുംബൈ ജയന്തി എക്സ്്‌പ്രസ്(16382) 13, 14, 15, 18, 20 തീയതികളിൽ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയിൽ രണ്ടുമണിക്കൂറും 16, 17, 19, 21, 23 തീയതികളിൽ ഒന്നരമണിക്കൂറും പിടിച്ചിടും. തിരുവനന്തപുരം-ന്യൂഡൽഹി എക്സ്പ്രസ് വെള്ളിയാഴ്ച ചെങ്ങന്നൂരിൽ 45 മിനിറ്റും 22-ന് ഒരുമണിക്കൂർ പത്തുമിനിറ്റ് തിരുവല്ലയിലും നിർത്തിയിടും. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06049) 22-ന് അഞ്ചുമണിക്കൂർ കോട്ടയത്ത് പിടിച്ചിടും.
നേരത്തേ ബുക്കുചെയ്തവർ അറിയാൻ
ശബരി എക്സ്പ്രസിൽ ടിക്കറ്റെടുത്ത ശബരിമല തീർഥാടകർ, ദീർഘദൂര യാത്രക്കാർ എന്നിവരുടെ സൗകര്യത്തിനായി ഈ ദിവസങ്ങളിൽ പ്രത്യേക പാസഞ്ചർ ട്രെയിനുണ്ട്. 10.45-ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന പാസഞ്ചർ എറണാകുളത്ത് 12.05-ന് എത്തും. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്(12626), ജനശതാബ്ദി എക്സ്പ്രസ്(12081) എന്നീ വണ്ടികളിലെ യാത്രക്കാർക്കായി എറണാകുളത്തുനിന്ന് 12.30-ന് കായംകുളം പാസഞ്ചർ(56387) പുറപ്പെടും.
0 Comments