എയർപോർട്ട് മാതൃകയിൽ ബസ് പോർട്ട്; കോഴിക്കോട്ട് സ്ഥാപിക്കാൻ ആലോചന

Representation image (Rajkot bus port)

കോഴിക്കോട്:വിമാനത്താവളത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടെ തുടങ്ങുന്ന ബസ് പോർട്ട് കോഴിക്കോട്ട് സ്ഥാപിക്കാൻ ആലോചന. ഇതിനായി നോഡൽ ഏജൻസിയെ നിശ്ചയിച്ച് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ അഞ്ചിന് ബുധനാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ചേംബറിൽ ഉന്നതതലയോഗം ചേരും.


കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും ഓരോ ബസ് പോർട്ട് ആരംഭിക്കാനാണ് പണം അനുവദിക്കുന്നത്. പദ്ധതിക്കുവരുന്ന ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പ്രധാന ആശുപത്രികൾ, ദീർഘദൂരയാത്രയ്ക്കുള്ള ബസുകൾ, നഗരത്തിലേക്കുള്ള സിറ്റി സർവിസ്, ടാക്സി, ഹോട്ടൽ, താമസസൗകര്യം തുടങ്ങി എല്ലായിടത്തേക്കും യാത്രചെയ്യാവുന്ന പോയന്റായി ബസ് പാർക്ക് മാറണം. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളം മാതൃകയിൽ സ്വകാര്യപങ്കാളിത്തത്തോടെ ബസ് പോർട്ട് നിർമിക്കാനാണ് ആലോചിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിന് സമീപം ബൈപ്പാസിനോടുചേർന്ന് 15 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമിയാണിത്. ഈ ഭൂഉടമകൾക്ക് പദ്ധതിയിൽ പങ്കാളിത്തം നൽകാനാണ് ആലോചിക്കുന്നത്. നേരത്തേ എ. പ്രദീപ്കുമാർ എം.എൽ.എ. ഇവിടെ ബസ് ബേ സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ., ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ട്രാൻസ്പോർട്ട് കമ്മിഷണർ കെ. പത്മകുമാർ, ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, കളക്ടർ സാംബശിവറാവു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ചീഫ് ടൗൺ പ്ലാനർ അബ്ദുൾ മാലിക്ക് എന്നിവർ പങ്കെടുക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ രാജീവ് പുത്തലത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്

Post a Comment

0 Comments