മലയോര മേഖലയിലെ കുടിവെള്ളക്ഷാമം; 400 കോടിയുടെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്



കോഴിക്കോട്: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 400 കോടി രൂപ മുതൽ മുടക്കിൽ വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബൃഹത് കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. മുക്കം, കൊടുവള്ളി നഗരസഭകൾ, കാരശേരി, കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, ഓമശേരി, കിഴക്കോത്ത്, മടവൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് പദ്ധതിക്കു കീഴിൽ വരിക. പദ്ധതിയുടെ ആകെ ചെലവ് 400 കോടി രൂപയാണ്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.



ആദ്യഘട്ടത്തിൽ മുക്കം നഗരസഭ, കാരശേരി ഗ്രാമപഞ്ചായത്ത് എന്നിവയും രണ്ടാംഘട്ടത്തിൽ കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം, ഓമശേരി പഞ്ചായത്തുകളും മൂന്നാംഘട്ടത്തിൽ കൊടുവള്ളി നഗരസഭ, കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളുമാണ് വരിക. ആദ്യഘട്ടമായ 60 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. കേരള വാട്ടർ അഥോറിറ്റി മാവൂർ പ്ലാന്‍റിൽ  നിന്നും ജലം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഹൗസ് കണക്ഷൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ വഴിയാണ് നടപ്പിലാക്കുക. വെള്ളക്കരം പിരിക്കലും മെയിന്‍റനൻസും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ചുമതലയായിരിക്കും.

ആദ്യഘട്ടത്തിലെ  ടാങ്ക് കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ മലയിലാണ്. 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് ഇവിടെ സ്ഥാപിക്കുക. മുക്കം കാരശേരി, കൊടിയത്തൂർ പ്രദേശങ്ങളിൽ ജലവിതരണം നടത്താൻ ഇത് പര്യാപ്തമാവും. പദ്ധതിയുടെ നടത്തിപ്പിനും വിശദമായ ചർച്ചകൾക്കും വേണ്ടി മുക്കം മുനിസിപ്പൽ കൗൺസിൽ ഹാളിൽ ജോർജ് എം തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



പി ടി എ റഹീം എംഎൽഎ, കാരാട്ട് റസാഖ് എം എൽ എ, മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ, കൊടുവള്ളി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.കെ. വിനോദ് (കാരശേരി), സി.ടി.സി. അബ്ദുല്ല (കൊടിയത്തൂർ), കെ.എസ്. ബീന (ചാത്തമംഗലം), മുനീറത്ത് (മാവൂർ), ഗ്രേസി നെല്ലിക്കുന്നേൽ (ഓമശേരി), എൻ.സി. ഉസൈൻ (കിഴക്കോത്ത്), വി.സി. അബ്ദുൽ ഹമീദ് (മടവൂർ), വാട്ടർ അഥോറിറ്റി ഉത്തരമേഖല ചീഫ് എൻജിനിയർ പി.വി. സുരേഷ് കുമാർ, സൂപ്രണ്ടിങ് എൻജിനിയർ എം.കെ. മൊയ്തീൻകോയ, എക്സിക്യൂട്ടീവ് എൻജിനിയർ ഷംസുദ്ദീൻ, മുക്കം നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, നഗരസഭ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments