കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കൽ പ്രവൃത്തി ഇനിയും വൈകും



കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിന് ഝാർഖണ്ഡിൽ നിന്നുള്ള കമ്പനിയെ പങ്കാളിയാക്കാൻ കരാറുകാരായ കെ.എം.സി. കൺസ്ട്രക്‌ഷൻസ് ലിമിറ്റഡ് ദേശീയപാത അതോറിറ്റി പ്രൊപ്പോസൽ നൽകി. കോഴിക്കോട് ആസ്ഥാനമായുള്ള യു.എൽ.സി.സി.യെ പങ്കാളിയാക്കാൻ ചർച്ചനടക്കുന്നതിനിടെയാണീ നീക്കം. പുതിയ െപ്രാപ്പോസലിൽ ദേശീയപാത അതോറിറ്റി തീരുമാനമറിയിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ നടപടികളും പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാൻ ഇനിയും രണ്ടുമാസമെങ്കിലും വൈകുമെന്നാണറിയുന്നത്.



കഴിഞ്ഞ ജനുവരിയിലാണ് കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിന് കെ.എം.സി.ക്ക് കരാർ നൽകിയത്. പ്രവൃത്തി അവാർഡ് ചെയ്ത് ഒരുമാസത്തിനകം ബാങ്ക് ഗാരന്റി അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരി 26-ന് എൻ.എച്ച്.എ.ഐ. അവർക്ക് കത്തുനൽകുകയും ചെയ്തു. പിന്നീട് കെ.എം.സി.ആവശ്യപ്പെട്ടതനുസരിച്ച് സമയം നീട്ടി നൽകി. എന്ന‌ിട്ടും കെ.എം.സി.ക്ക്‌ 85.50 കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകാൻ കഴിഞ്ഞില്ല.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ഇതോടെയാണ് കാലതാമസം ഒഴിവാക്കാൻ മറ്റൊരാളെക്കൂടി പദ്ധതിയിൽ പങ്കാളിയാക്കാൻ തീരുമാനിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എൻ.എച്ച്.എ.ഐ. ടെക്‌നിക്കൽ മെമ്പർ ഝാവ്‌ഡേയുടെ നേതൃത്വത്തിലും അല്ലാതെയുമെല്ലാം ചർച്ചകൾ നടന്നിരുന്നു. യു.എൽ.സി.സി.യുമായി ധാരണയിലെത്തിയെന്നും എൻ.എച്ച്.എ.ഐ.യുടെ അനുമതി കൂടെ ലഭിക്കുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ ധാരണാപത്രം ഒപ്പുവെക്കുമെന്നെല്ലാം പറഞ്ഞിരുന്നു. 49 ശതമാനം ഓഹരി യു.എൽ.സി.ക്കും 51 ശതമാനം കെ.എം.സി.ക്കും എന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. എൻ.എച്ച്.എ.ഐ.യുടെ അനുമതി മാത്രമാണ് ഇക്കാര്യത്തിൽ ബാക്കിയുണ്ടായിരുന്നത്. പുതിയ കരാറുകാരെ പങ്കാളിയാക്കി ഉടൻ തീരുമാനമെടുത്താൽ മാത്രമേ റോഡ് പണി ഫെബ്രുവരിയിലെങ്കിലും തുടങ്ങാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ അനിശ്ചിതമായി നീണ്ടുപോവുകയും ഒടുവിൽ റീടെൻഡർ ചെയ്യേണ്ട അവസ്ഥയും വരും. റീടെൻഡർ ചെയ്യേണ്ടിവന്നാൽ ആറുമാസമെങ്കിലും കഴിയാതെ പ്രവൃത്തി തുടങ്ങാനും കഴിയില്ല.

സംസ്ഥാനത്ത് ദേശീയപാത സ്ഥലമെടുപ്പ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കോഴിക്കോട് ബൈപ്പാസ് വികസനം വൈകാതിരിക്കാൻ അത് മാത്രം ഒറ്റപദ്ധതിയായി ചെയ്യാൻ തീരുമാനിച്ചതാണ്. എന്നാൽ, പദ്ധതിച്ചെലവ് കൂടുതലായതിനാൽ ഒരു വർഷത്തോളം ടെൻഡറിന് അനുമതി കിട്ടാതെ വൈകി. അതിനിടെ പദ്ധതിയിൽ നാല് അടിപ്പാതകൾ കൂടെ ഉൾപ്പെടുത്തി ചില മാറ്റങ്ങളും വരുത്തി. ഏഴുതവണയാണ് ടെൻഡർ മാറ്റിവെച്ചത്. പിന്നീട് എം.കെ. രാഘവൻ എം.പി.യുടെകൂടി ഇടപെടലിനെത്തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്ഗരി മുൻകൈയെടുത്ത് പദ്ധതിക്ക്‌ അനുമതി നൽകുകയായിരുന്നു. കെ.എം.സി.ക്ക്‌ കരാർ നൽകി കഴിഞ്ഞവർഷം െസപ്‌റ്റംബറിൽ തന്നെ പ്രവൃത്തി തുടങ്ങുമെന്ന് അറിയിച്ചതുമാണ്. പക്ഷേ, അനിശ്ചിതമായി നീണ്ടുപോവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാമനാട്ടുകര മേൽപ്പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇതിൽ എൻ.എച്ച്.എ.ഐ.ക്കെതിരേ ഗതാഗതമന്ത്രി ജി. സുധാകരൻ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.

അതേസമയം, പ്രവൃത്തി തുടങ്ങുന്നതിനു മുമ്പേയുള്ള മുന്നൊരുക്കങ്ങൾ ഇനിയും ഒരുപാട് ബാക്കിയിട്ടുണ്ട്. ജല അതോറിറ്റിയുടെയുടെ പൈപ്പുകളും കെ.എസ്.ഇ.ബി.യുടെ ലൈനുകളുമെല്ലാം മാറ്റിസ്ഥാപിക്കണം. റോഡ് സംസ്ഥാന ദേശീയപാതാവിഭാഗം ദേശീയ പാത അതോറിറ്റിക്ക്‌ കൈമാറുകയും ചെയ്യണം.

Post a Comment

0 Comments