കാലിക്കറ്റ് ഫ്ളവർഷോ 25- മുതൽ



കോഴിക്കോട്:കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ 42-ാമത് സസ്യഫല പുഷ്പപ്രദർശനം ‘കാലിക്കറ്റ് ഫ്ളവർ ഷോ-2019’ ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നുവരെ കോഴിക്കോട് ബീച്ചിൽ നടക്കും. ‘ജൈവപച്ചക്കറി, പഴവർഗങ്ങൾ, കൃഷി പ്രോത്സാഹനം കേരളത്തിൽ’ എന്നതാണ് ഇക്കൊല്ലത്തെ പുഷ്പമേളയുടെ സന്ദേശം.



ഇരുപതിനായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് പുഷ്പോദ്യാനമൊരുങ്ങുന്നത്. തയ്‌വാനിൽ നിന്നെത്തിക്കുന്ന അഞ്ചുലക്ഷം രൂപയുടെ ഓർക്കിഡുകളും ആന്തൂറിയവും ഉൾപ്പെടെ 25 ലക്ഷം രൂപയുടെ പൂക്കളാണ് പ്രദർശനത്തിന് ഉണ്ടാവുക. അടയ്ക്ക സുഗന്ധവിള വിജ്ഞാനകേന്ദ്രം, കൃഷിവിജ്ഞാനകേന്ദ്രം, കൂത്താളി ജില്ലാ കൃഷിഫാം, തിക്കോടി തെങ്ങുത്പാദനകേന്ദ്രം തുടങ്ങിയവയുടെ സ്റ്റാളുകളിൽ വിത്തുകളും തൈകളും വിൽപ്പനയ്ക്കുണ്ടാവും. മികച്ച സ്വകാര്യ നഴ്‌സറികളിൽനിന്നുള്ള ഉത്പന്നങ്ങളും ലഭിക്കും.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രത്യേക സെമിനാറുകളുമുണ്ടാകും. പൂച്ചട്ടികളും പുഷ്പസംവിധാനകലയുമായി ബന്ധപ്പെട്ട അമ്പതിലേറെ മത്സരങ്ങളുണ്ടാവും. പുഷ്പരാജ, പുഷ്പറാണി മത്സരങ്ങൾ ഇക്കുറി കോളേജ് തലത്തിലുമുണ്ടാകും. ദിവസേന വൈകീട്ട് ഏഴരയ്ക്ക് കലാപരിപാടികളുണ്ട്. കുട്ടനാടൻ, മലബാർ വിഭവങ്ങളും വയനാട്ടിലെയും അട്ടപ്പാടിയിലെയും പ്രത്യേക വിഭവങ്ങളും ഉൾപ്പെടെ എല്ലാ ജില്ലകളുടെയും തനതുരുചികൾ ഉൾപ്പെടുന്ന ഭക്ഷ്യമേളയും നടക്കും. പുഷ്പമേളയ്ക്ക്‌ മുന്നോടിയായി 24-ന് പുഷ്പാലംകൃത വാഹനഘോഷയാത്ര നഗരത്തെ പ്രദക്ഷിണം ചെയ്യും. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശനനിരക്ക്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ഗാന്ധിപാർക്കിൽ നടന്ന പത്രസമ്മേളനത്തിൽ സംഘാടകസമിതി വൈസ് ചെയർമാൻ എം.തോമസ് മാത്യു, ജനറൽ കൺവീനർ കെ.വി. സക്കീർ ഹുസൈൻ, സെക്രട്ടറി പി.കെ. കൃഷ്ണനുണ്ണിരാജ, ജെയിംസ് ജേക്കബ്, ഡോ.കെ.ജി. അലക്സാണ്ടർ, കട്ടയാട്ട് വേണുഗോപാൽ, ഡോ.എ. അൻസാരി, എം.രാജൻ, പുത്തൂർമഠം ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments