കോഴിക്കോടിന്റെ വികസനത്തിന് പൊതുഗതാഗത സൗകര്യം വിപുലീകരിക്കണം



കോഴിക്കോട്: കോഴിക്കോടിന്റെ വികസനത്തിന് നിലവിലുള്ള റോഡുകൾ വികസിപ്പിച്ചും പുതിയ ഹൈവേകൾ നിർമിച്ചും പൊതുഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് കൊച്ചി മെട്രോ മാനേജിങ്‌ ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്.

കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘കോഴിക്കോടിന്റെ അടിസ്ഥാനസൗകര്യങ്ങളുടെയും പൊതുഗതാഗതത്തിന്റെയും വികസനം’ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് പുതിയ റോഡുകൾ വന്നാലേ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിന്റെ പ്രയോജനം കോഴിക്കോടിന് ലഭിക്കൂ. ഇതിൽ മാഹി - മുഴുപ്പിലങ്ങാട് ഹൈവേ ഉടനെ യാഥാർഥ്യമാവണം. ഇപ്പോൾ വേണ്ടിവരുന്നതിന്റെ പകുതി സമയംകൊണ്ട് ഈ രണ്ടുനഗരങ്ങളെ ബന്ധിപ്പിക്കാൻ ഇത് വഴിയൊരുക്കും.



മലബാറിൽ റെയിൽ വികസനം എളുപ്പമല്ല. പാത ഇരട്ടിപ്പിക്കാനും പ്രയാസമാണ്. അതാണ് പുതിയ റോഡുകളെക്കുറിച്ചും ജലഗതാഗതത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. കനോലികനാൽ - തിരൂർപുഴ വഴി പൊന്നാനിയിലേക്ക് ജല ഗതാഗതമൊരുക്കണം. ചാലപ്പുറം-മാങ്കാവ് റോഡ് വീതികൂട്ടിയതുപോലെ മറ്റുറോഡുകളും വീതികൂട്ടണം. വൈറ്റിലയിലേതുപോലെ ഒരു മൊബിലിറ്റിഹബ്ബും ഇവിടെ ഉണ്ടാവണം.

കിഴക്കോട്ടുമാത്രമേ ഈ നഗരം വളരൂ. വലിയങ്ങാടിയും മിഠായിത്തെരുവും പൈതൃക നഗരങ്ങളായി സംരക്ഷിക്കണം. കൊച്ചിയിൽ മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും സംരക്ഷിച്ചിട്ടുള്ളതുപോലെ. സൈക്കിൾപാത മുതൽ ലൈറ്റ് മെട്രോ വരെ ഈ നഗരത്തിന്റെ സ്വപ്നങ്ങളിലുണ്ടാവണം. ഗതകാല നന്മകളും പാരമ്പര്യവും തുടരുന്നതിനൊപ്പം പുരോഗതിയിലേക്കു കുതിക്കാനും നഗരം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ.എ. അജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ക്യാപ്റ്റൻ കെ.കെ. ഹരിദാസ്, എം.എ. മെഹബൂബ്, ഡോ. സജി കുര്യാക്കോസ് എന്നിവരും സംസാരിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments