കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ കരാർ അന്തിമതീരുമാനം 18ന്



കോഴിക്കോട്:മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ആർക്ക് ലേലത്തിന് നൽകുമെന്ന കാര്യത്തിൽ 18-ന് അന്തിമ തീരുമാനമാവും. രണ്ട് കമ്പനികളെയാണ് തിരഞ്ഞെടുത്തത്. 18-ന് നടക്കുന്ന കെ.ടി.ഡി.എഫ്.സി. ബോർഡ് മീറ്റിങ്ങിലാണ് രണ്ടുകമ്പനികളും സമർപ്പിച്ച ടെൻഡർ പരിഗണിക്കുക. അന്നുതന്നെ തീരുമാനവുമുണ്ടാകും. 17 കോടി നിക്ഷേപവും 47 ലക്ഷം രൂപ വാടകയുമാണ് ഒരു കമ്പനി ക്വാട്ട് ചെയ്തിരിക്കുന്നത്. 21.25 കോടി നിക്ഷേപവും 34 ലക്ഷം രൂപ വാടകയുമാണ് രണ്ടാം കമ്പനി ടെൻഡറിൽ കാണിച്ചിരിക്കുന്നത്. ഇതിൽ തിരികെനൽകേണ്ടാത്ത നിക്ഷേപമാണെങ്കിൽ കൂടുതൽ ഡെപ്പോസിറ്റ് കാണിച്ചവർക്കായിരിക്കും ഷോപ്പിങ്‌ കോംപ്ലക്സ് ഉൾപ്പെടുന്ന ടെർമിനൽ ലേലത്തിൽ നൽകുക.




3.28 ലക്ഷം ചതുരശ്രയടിയിൽ 14 നിലകളുള്ള ഇരട്ടടെർമിനലാണ് മാവൂർ റോഡിലുള്ളത്. ഇതിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻ വിഭാഗവും പാർക്കിങ് കേന്ദ്രവുമൊഴികെ ബാക്കി മുഴുവൻ മൂന്നുവർഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. 2015ൽ 65 കോടിരൂപ ചെലവിലാണ് കെട്ടിടം പണിത്. കെ.ടി.ഡി.എഫ്.സി.യിൽനിന്നുള്ള വായ്പയുപയോഗിച്ചായിരുന്നു നിർമാണം. വായ്പത്തുക പലിശയടക്കം 118.82 കോടിരൂപയായിട്ടുണ്ട്. ടെർമിനൽ നേരത്തേ മുക്കം ആസ്ഥാനമായുള്ള ഒരു വിദേശ മലയാളിഗ്രൂപ്പിന് ലേലത്തിൽ നൽകിയിരുന്നു. എന്നാൽ കോടതി നടപടികളിൽപെട്ട് ആ ലേലം റദ്ദായി. പിന്നീട് ഒരു വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് പുതിയ ടെൻഡർ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

ടെർമിനൽ പൂർത്തിയായതുമുതൽ ഒരു വരുമാനവും കെ.എസ്.ആർ.ടി.സിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല യാത്രികർക്ക് കാര്യമായ സൗകര്യമൊരുക്കാനും കഴിഞ്ഞിരുന്നില്ല. ചായകുടിക്കാനും മറ്റും ജീവനക്കാരും യാത്രികരുമെല്ലാം റോഡുമുറിച്ചുകടന്നുപോവേണ്ട അവസ്ഥയിലാണ്. ഇത് വലിയ ദുരിതമാണ് യാത്രികർക്കുണ്ടാക്കുന്നത്. ടെർമിനൽ ലേലത്തിൽ നൽകിക്കഴിഞ്ഞാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ കഴിയും. പാർക്കിങ്ങും ഓപ്പറേഷൻ വിഭാഗവും ഒഴികെയുള്ള ഭാഗങ്ങളെല്ലാം വാണിജ്യാവശ്യത്തിനാണ് ഉപയോഗിക്കുക. ഹോട്ടലുകൾ, മൾട്ടിപ്ളക്സ് തിയേറ്റർ എന്നിവയെല്ലാം ടെർമിനലിൽ വിഭാവനം ചെയ്തിട്ടുണ്ട്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments