മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്; ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണം


കൊച്ചി: സംസ്ഥാനത്ത് പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പെങ്കിലും അറിയിച്ചിരിക്കണം. ഹര്‍ത്താലിലുണ്ടാവുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകും. നാശനഷ്ടം അവരില്‍ നിന്ന് ഈടാക്കും. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത്.



രണ്ടു ദിവസത്തെ പണിമുടക്ക് നടക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത് എന്നതും പ്രസക്തമാണ്. പ്രതിഷേധിക്കാനുള്ള എല്ലാ മൗലികാവകാശങ്ങളും എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ സ്വാതന്ത്യത്തെ ഹനിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കും. ഹര്‍ത്താലിനെതിരെ സുപ്രീം കോടതിയില്‍നിന്നുള്‍പ്പെടെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രിക്കാന്‍ ഇതുവരെ നിയമം കൊണ്ടുവന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കണം. 

കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, മലയാളവേദി എന്നിവരാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന പൊതുപണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  കഴിഞ്ഞ വര്‍ഷം മാത്രം 97 ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നു എന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ ഹൈക്കോടതി അതിനെതിരെ സമൂഹത്തില്‍ ഉയരുന്ന വികാരം അവര്‍ അറിയുന്നുണ്ടോ എന്നും ചോദിച്ചു. 
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments