ഇനി പുറത്തെത്താം മിനിറ്റുകൾക്കകം: കോഴിക്കോട് വിമാനത്താവളത്തിൽ ആഗമന ടെർമിനൽ പൂർത്തിയായികരിപ്പൂർ:വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചതോടെ നേട്ടങ്ങളുടെ ആകാശത്ത് വീണ്ടും ചിറകുവിരിച്ച കോഴിക്കോട് വിമാനത്താവളം ഭൂമിയിലും മറ്റൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു. വിമാനത്താവളത്തിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആഗമന ടെർ‌മിനലിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. കസ്റ്റംസ് എമിഗ്രേഷൻ വിഭാഗത്തിനോട് പുതിയ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനം ഉദ്ഘാടനം നടക്കും17,000 ചതുരശ്ര അടിയിൽ 2 നിലകളിലായി നിർമിച്ച പുതിയ ആഗമന ടെർമിനൽ  കോഴിക്കോട് വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റും. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ടെർമിനലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ ടെർമിനൽ തുറക്കുന്നതോടെ നിലവിലെ ആഗമന ടെർമിനൽ ഇനി ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാ മുറികൾ, കസ്റ്റംസ്, എമിഗ്രേഷൻ പരിശോധയ്ക്കായി മികച്ച സംവിധാനങ്ങൾ, കൂടുതൽ കൗണ്ടറുകൾ, വിഐപി യാത്രക്കാർക്കായി എക്സിക്യുട്ടീവ് ലോഞ്ച് എന്നിവയെല്ലാം പുതിയ ടെർമിനലിലുണ്ട്

85.18 കോടി രൂപ ചെലവിൽ ടെർമിനൽ നിർമാണം പൂർത്തിയാക്കിയപ്പോൾ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് 35 കോടി രൂപ ചെലവിട്ടു. 2016 ജന‌ുവരി 29നാണ് നിർമാണം ആരംഭിച്ചത്. ‘കാത്തിരിപ്പുകേന്ദ്രം’ എന്നൊരു ദുഷ്പേരുണ്ടായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന് ഇതുവരെ. സ്ഥലപരിമിതിയും ജീവനക്കാരുടെ എണ്ണക്കുറവും വെല്ലുവിളിയായതോടെ പരിശോധനകൾക്കായി യാത്രക്കാർ മണിക്കൂറുകൾ കാത്തിരിക്കുന്നതു പതിവായിരുന്നു. പുതിയ ടെർമിനൽ ഈ ദുരിതങ്ങൾക്കെല്ലാം അറുതി വരുത്തുമെന്നാണു പ്രതീക്ഷ.

ബാഗേജ് ശേഖരിക്കാൻ ഇനി 5 ബെൽറ്റുകൾ

പഴയ ടെർമിനലിൽനിന്നുള്ള 2 കൺവെയർ ബെൽറ്റുകൾക്കൊപ്പം പുതുതായി വാങ്ങിയ 3 ബെൽറ്റുകൾ കൂടി സ്ഥാപിക്കും. നിലവിലെ ബെൽറ്റുകളുടെ നീളം 45 മീറ്ററാണെങ്കിൽ പുതുതായെത്തിക്കുന്നത് 60 മീറ്റർ നീളമുള്ളവയാണ്. ബാഗേജ് സ്കാനിങ്ങിനുള്ള കസ്റ്റംസിന്റെ എക്സ്റേ മെഷിനുകളുടെ എണ്ണം രണ്ടിൽ നിന്ന് അഞ്ചായി ഉയരും.

ഇനി പുറത്തെത്താം 10 മിനിറ്റിനകം

ഹാൻഡ് ബാഗ് മാത്രമായി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരന് ഇനി വെറും 10 മിനിറ്റിനകം ആഗമന ടെർമിനലിനു പുറത്തുകടക്കാനാകും എന്നാണ് വിമാനത്താവള അധികൃതരുടെ അവകാശവാദം. ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ പുതിയ ടെർമിനലിൽ ഉൾക്കൊള്ളാനാകും. ഇതോടെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിമാനമിറങ്ങുന്ന യാത്രക്കാർക്കു വേഗത്തിൽ ടെർമിനലിനു പുറത്തിറങ്ങാം.

90% യാത്രക്കാരും എയ്റോബ്രിജ് വഴി

വിമാനങ്ങൾക്കായി 13 പാർക്കിങ് ബേ ഉള്ള കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ 3 എയ്റോ ബ്രിജുകൾ മാത്രമാണുണ്ടായിരുന്നത്. 70 ശതമാനം യാത്രക്കാരെയും ടെർമിനലിലേക്കെത്തിച്ചിരുന്നത് ബസുകളിലാണ്. പുതുതായി 3 എയ്റോ ബ്രിജുകൾകൂടി വാങ്ങിയതോടെ പുതിയ ടെർമിനലിലെ ബ്രിജുകളുടെ എണ്ണം ആറായി ഉയരും. കോഴിക്കോട്ടെത്തുന്ന യാത്രക്കാരിൽ 80 ശതമാനവും ഇനി ബ്രിജുകളിലൂടെ നേരിട്ട് ആഗമന ടെർമിനലിലേക്കെത്തും

കസ്റ്റംസ് പരിശോധന വേഗത്തിലാകും

കസ്റ്റംസ് പരിശോധനയ്ക്കായി മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പായിരുന്നു കോഴിക്കോടിന്റെ വിമാനത്താവളത്തിനെതിരെയുള്ള പ്രധാന വിമർശനങ്ങളിലൊന്ന്. ഹാൻഡ് ബാഗ്, ദേഹ പരിശോധനകൾക്കായി ഒന്നുവീതം എക്സ്റേ മെഷിനും ഡിഎഫ്എംഡിയുമാണ് (ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ) ഉപയോഗിച്ചിരുന്നത്. പുതിയ ടെർമിനലിൽ 2 വീതം എക്സ്റേ, ഡിഎഫ്എംഡി മെഷിനുകളുണ്ടാകും. ഇതു നടപടികളുടെ വേഗംകൂട്ടും.എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയായി

കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതോടെ പുതിയ ടെർമിനലിലെ എമിഗ്രേഷൻ നടപടികളും സുഗമമാകും. പഴയ ടെർമിനലിൽ 8 എമിഗ്രേഷൻ കൗണ്ടറുകളായിരുന്നെങ്കിൽ ഇവിടെ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും 2 ജീവനക്കാർ വീതമുണ്ടാകും. വീസ ഓൺ അറൈവൽ യാത്രക്കാർക്കായി 3 കൗണ്ടറുകൾ പ്രവർത്തിക്കും.

ടൂറിസം കൗണ്ടറും ആരംഭിക്കും

ടൂറിസം പ്രമോഷന്റെ ഭാഗമായി പുതിയ ടെർമിനലിൽ ടൂറിസം കൗണ്ടർ ആരംഭിക്കാനും പദ്ധതിയുണ്ട്. മലപ്പുറത്തെയും സമീപ ജില്ലകളിലെയും ടൂറിസം കേന്ദ്രങ്ങൾ, ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൗണ്ടറുകളിൽ ലഭ്യമാക്കും.

ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ‌ എത്തുമോ

പുതിയ ടെർമിനലിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാൻ എയർപോർട്ട് അതോറിറ്റി ശ്രമം തുടങ്ങി. വ്യോമയാന മന്ത്രാലയം വഴി ഇതിനുള്ള അപേക്ഷ സമർപ്പിച്ചു. പ്രധാനമന്ത്രി എത്തിയാൽ ഈ മാസം 27ന് ടെർമിനൽ ഉദ്ഘാടനം നടത്താനാണു തീരുമാനം. അധിക ജീവനക്കാർ 120 - പുതിയ ടെർമിനൽ തുറക്കുന്നതോടെ 120 ജീവനക്കാരെ അധികം നിയമിക്കുമെന്നു വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അധികൃതർ പറഞ്ഞു. നിലവിൽ 330 സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടുള്ളത്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments