സൗത്ത് ബീച്ചിലെ ലോറിസ്റ്റാൻഡ്‌ അടച്ചുപൂട്ടികോഴിക്കോട്: സൗത്ത് ബീച്ച് ലോറിസ്റ്റാൻഡിലെ പേ ആൻഡ്‌ പാർക്കിങ് ടെൻഡർ അവസാനിച്ചതിനെത്തുടർന്ന് പോർട്ട് അധികൃതർ സ്റ്റാൻഡ്‌ അടച്ചുപൂട്ടി. 2018-ലെടുത്ത ടെൻഡർ 2019 ജനുവരി 14-വരെയായിരുന്നു കാലാവധി. ലോറി സ്റ്റാൻഡ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പ്രദേശവാസികൾ വർഷങ്ങളായി പ്രതിഷേധത്തിലായിരുന്നു.

സ്റ്റാൻഡ് ഇവിടെ നിന്ന്‌ മാറ്റാൻ കോർപ്പറേഷൻ തലത്തിൽ തീരുമാനമായതിനെ തുടർന്ന് പുതിയ ടെൻഡർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് പറഞ്ഞു. പോർട്ടോഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് സ്റ്റാൻഡിൽനിന്ന്‌ ലോറികൾ എടുപ്പിച്ച് പൂട്ടിയത്. എന്നാൽ മറുനാട്ടിൽനിന്ന്‌ വന്ന ലോറിക്കാർക്ക് അവരുടെ ആവശ്യപ്രകാരം രണ്ടുദിവസത്തെ ഇളവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70-ലധികം ലോറികൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ പല ലോറികളും സ്റ്റാൻഡിന് പുറത്തും റോഡിന്റെ ഇരുവശങ്ങളിലായുമാണ്‌ പാർക്ക് ചെയ്യുന്നത്. വലിയങ്ങാടിയിലേക്ക് ചരക്കുമായെത്തുന്നതും തിരിച്ചുപോകുന്നതുമായ ലോറികളാണ് ഇൗ ഭാഗങ്ങളിൽ നിർത്തിയിടുന്നത്.നിലവിൽ സീ ക്വീൻ ഹോട്ടൽ ജങ്ഷൻ മുതൽ സൗത്ത് ബീച്ച് വരെയുള്ള റോഡിന്റെ ഇരുവശത്തുമാണ് ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാർക്കിങ്ങിനെതിരേ നാട്ടുകാർ പത്തു വർഷത്തിലേറെയായി പ്രതിഷേധത്തിലാണ്.

സൗത്ത് ബീച്ചിൽ നിന്നുള്ള പാർക്കിങ് എടുത്തുമാറ്റിയാൽ വർഷത്തിൽ അഞ്ച് ലക്ഷം രൂപയിലധികം സർക്കാരിന് നഷ്ടമുണ്ടാകുമെന്ന് പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് പറഞ്ഞു. ജനങ്ങളുടെയും എം.എൽ.എ.യുടെയും അഭ്യർഥനയെത്തുടർന്നാണ് ടെൻഡർ നടപടികളൊന്നും ചെയ്യാത്തത്. ലോറി സ്റ്റാൻഡിന്റെ പുറത്ത് നിർത്തിയിടുന്ന ലോറികൾ ഉടൻതന്നെ അവിടുന്ന്‌ മാറ്റാൻ വേണ്ട നടപടികൾ കോർപ്പറേഷൻ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുള്ള പാർക്കിങ്‌ കാരണം പല സമയങ്ങളിലും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...നാട്ടുകാർ പലതവണ അധികാരികളുമായി ബന്ധപ്പെട്ടിട്ടും സ്റ്റാൻഡിനു പുറത്തെ പാർക്കിങ് ഒഴിവാക്കാൻ കോർപ്പറേഷൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലോറിസ്റ്റാൻഡ്‌ കൂടി അടച്ചപ്പോൾ ഇനി ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന ലോറികളും ഇവിടെയുള്ള ലോറികളും എവിടെ പാർക്കുചെയ്യും എന്ന കാര്യത്തിലും സംശയം നിൽക്കുന്നുണ്ട്. ലോറി ഉടമകളും ജോലിക്കാരും പല തവണ കാര്യങ്ങൾ ഉന്നയിച്ചിട്ടും പാർക്കിങ്ങിനു അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കോർപ്പറേഷനു കഴിഞ്ഞിട്ടില്ല. നഗരത്തിലേക്കുവരുന്ന ലോറികൾ എവിടെ പാർക്ക് ചെയ്യും എന്ന കാര്യത്തിലുംകൂടി കോർപ്പറേഷൻ അധികൃതർ ഉടൻ വ്യക്തത വരുത്തേണ്ടതുണ്ട്.

Post a Comment

0 Comments