കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ വലിയ വിമാനം പുനരാരംഭിക്കാനായി സമർപ്പിച്ച റിപ്പോർട്ടിൽ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് വിശദീകരണം തേടി. വിവിധ വിഷയങ്ങളിൽ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉടൻ സമർപ്പിക്കുമെന്ന് കരിപ്പൂരിലെ അധികൃതർ അറിയിച്ചു.
റൺവേ നവീകരണ ഭാഗമായി നിർത്തിയ എയർ ഇന്ത്യയുടെ വലിയ സർവിസുകൾ പുനരാരംഭിക്കാൻ തയാറാക്കിയ വിശദ റിപ്പോർട്ട് ജനുവരി 15നാണ് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തിന് സമർപ്പിച്ചത്. എയർ ഇന്ത്യയും കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് റിപ്പോർട്ട് തയാറാക്കിയത്. കോഡ് ഇ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീം ലൈനർ വിമാനങ്ങളുടെ റിപ്പോർട്ടാണിത്. കരിപ്പൂരിൽനിന്ന് വിശദീകരണം ലഭിച്ചശേഷം അതോറിറ്റി ആസ്ഥാനത്തുനിന്ന് അവലോകനം നടത്തും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments