രാജാജി റോഡ് എസ്‌കലേറ്റർ കം ഫുട്ട്ഓവർ ബ്രിഡ്ജിന്റെ നിർമാണോദ്ഘാടനം അഞ്ചിന്കോഴിക്കോട്: രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമിക്കുന്ന എസ്കലേറ്ററോടു കൂടിയ നടപ്പാലത്തിന്റെ പ്രവൃത്തി അഞ്ചിന് തുടങ്ങും. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. 11.35 കോടി രൂപ ചെലവഴിച്ചാണ് എസ്കലേറ്ററും നടപ്പാതയും ഒരുക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. മാവൂർ റോഡിലെ 1.2 കിലോമീറ്റർ ഭാഗവും രാജാജി റോഡിലെ 500 മീറ്റർ ഭാഗവും ഉൾപ്പെടെ 1.7 കിലോ മീറ്റർ ദൂരത്തിലാണ് പദ്ധതി പ്രവൃത്തി നടത്തുക.

ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിനരികിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്ക് കടക്കുന്ന രീതിയിലാണ് നടപ്പാലം വരുക. ഇരുവശങ്ങളിലും എസ്കലേറ്ററും ലിഫ്റ്റും ഉണ്ടാകും. രാജാജി ജങ്ഷനിൽ കാൽനടയാത്രക്കാർക്ക് സിഗ്നൽ സംവിധാനത്തോടെ റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യവും ഒരുക്കും. റോഡിന്റെ വീതിയേറിയ ഭാഗങ്ങളിൽ പാർക്കിങ്ങിനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

കെ.എം.ആർ.എൽ. ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഇവിടെ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് നിർമാണ പ്രവൃത്തി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാൻ ധാരണയായത്. ബസ് സ്റ്റാൻഡിന്റെ വശത്തുള്ള ട്രാൻസ്ഫോമർ ഇവിടെ നിന്ന് മാറ്റേണ്ടി വരും. അതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. അതുപോലെ ഇൻഡോർ സ്റ്റേഡിയം വളപ്പിലുള്ള മരങ്ങളും മുറിക്കേണ്ടി വരും. ഇക്കാര്യം കെ.എസ്.ഇ.ബി. അധികൃതരുമായും സ്പോർട്‌സ് കൗൺസിൽ പ്രതിനിധികളുമായി ചർച്ച ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്ക് കോർപ്പറേഷൻ അംഗീകാരം നൽകിയത്. കെ.എം.ആർ.എൽ. പ്രതിനിധികൾ കോർപ്പറേഷനിൽ വിശദമായ പദ്ധതി റിപ്പോർട്ടും അന്ന് അവതരിപ്പിച്ചിരുന്നു. 2020 മാർച്ചിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എം.ആർ.എൽ. അഡീ. ജനറൽ മാനേജർ കെ. അബ്ദുൾ കലാം പറഞ്ഞു. അമൃത് പദ്ധതിയായതിനാൽ 50 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും ശേഷിക്കുന്ന തുക കോർപ്പറേഷനുമാണ് ചെലവഴിക്കുക. ചൊവ്വാഴ്ച രാവിലെ 9.30-ന് മേയർ തോട്ടത്തിൽ രവീന്ദ്രനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുക.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...മുമ്പ് ഇവിടെ നടപ്പാലം ഉണ്ടായിരുന്നു. ആളുകൾ ഉപയോഗിക്കാതെ കാലക്രമേണ അത് നശിച്ചു. ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്ക് വരുന്നത് ഈ ഭാഗത്തായതിനാൽ ഇവിടെ എന്നും തിരക്കാണ്. എസ്കലേറ്റർ നടപ്പാലം വരുന്നതോടെ കാൽനാടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹരമാകുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments