കോഴിക്കോട്:ദിവസം 200 കിലോഗ്രാം മാലിന്യം സംസ്കരിച്ചു കൊണ്ടു തുടങ്ങിയ ഗ്രീൻവേംസ് എന്ന സ്റ്റാർട്ടപ് കമ്പനി ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോ ഗ്രാം മാലിന്യം. പലയിടങ്ങളിലായി 140 ജീവനക്കാർ. വർഷം മാലിന്യം വിറ്റുമാത്രം വരുമാനം 3 കോടി. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള കമ്പനിയിലേക്ക് നിക്ഷേപമിറക്കാൻ താൽപര്യപ്പെടുന്നതു തന്നെ വമ്പൻമാർ. 6 ലക്ഷംരൂപ മൂലധനത്തിൽ തുടങ്ങി വെറും 5 വർഷംകൊണ്ട് ഇങ്ങനെയൊക്കെ സാധിക്കണമെങ്കിൽ അതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഒത്തിരി വളവുതിരിവുകൾ തരണം ചെയ്തിട്ടുണ്ടാകും. ഡൽഹി സർവകലാശാലയിലെ ചരിത്ര വിദ്യാർഥിയിൽനിന്ന് ഗ്രീൻവേംസിലൂടെ വിജയഗാഥ രചിക്കാനിടയായ സാഹചര്യം, സ്ഥാപകൻ ജാബിർ കാരാട്ട് പറയുന്നു.അടിവാരമാണ് എന്റെ നാട്. മോട്ടമ്മൽ വീട്. ഡിഗ്രി, പിജി പഠനത്തിന് നാടുവിട്ട് ഡൽഹിയിലെത്തിയ ശേഷമാണ് എന്റെ കാഴ്ചപ്പാട് മാറാൻ തുടങ്ങിയത്. കൈവല്യ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ഗാന്ധി ഫെലോഷിപ് കിട്ടിയത് വഴിത്തിരിവായി. ഇതിലൂടെ ബോംബെയിലെ ചേരി നിവാസികൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ അവസരം വന്നു. അസൈൻമെന്റിന്റെ ഭാഗമായി 2 വർഷം ബോംബെ മുനിസിപ്പൽ ഗവ.സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൽ അർഥവത്തായി, ജനോപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ആ ജീവിതത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. വികസിച്ചു വരുന്ന ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യമെന്ന് ആ ദിനങ്ങൾ എന്നെ ബോധ്യപ്പെടുത്തി. ഇപ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 10 ഇരട്ടി വരും അടുത്ത ദശകങ്ങളിൽ. സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ 95 ശതമാനവും പരാജയമാണ്. സേവന മേഖലയും ഒപ്പം വരുമാനമാർഗവും എന്ന നിലയിൽ മാലിന്യം തെളിഞ്ഞു വന്നത് അങ്ങനെയാണ്.

കോയമ്പത്തൂർ ഡേയ്സ്

കോയമ്പത്തൂരിലെ മാലിന്യം പെറുക്കി ജീവിക്കുന്ന ആളുകൾക്കിടെ 3 മാസം ജീവിച്ച് മാലിന്യത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റം വരെ പഠിക്കുകയായിരുന്നു അടുത്ത പടി. അവരിലൊരാളായി ജീവിച്ച് കാര്യങ്ങൾ ഗ്രഹിച്ചെടുത്തു. അങ്ങനെ നാട്ടിൽ തിരിച്ചെത്തി താമരശ്ശേരിക്കടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് ഗ്രീൻ വേംസ് തുടങ്ങി. ഭക്ഷണാവശിഷ്ടം കംപോസ്റ്റാക്കി, മറ്റു മാലിന്യങ്ങൾ വേർതിരിച്ച് റീ സൈക്ലിങ്ങിന് അയയ്ക്കുന്നതായിരുന്നു രീതി. മാലിന്യമെന്നു നാട്ടുകാർ പറയുന്ന വസ്തുക്കൾ റീസൈക്കിൾ ചെയ്ത് ഇന്ന് ഗ്രീൻ വേംസ് 3 കോടിയോളം രൂപ വർഷം സമാഹരിക്കുന്നുണ്ട്. വലിച്ചെറിയുന്ന വെള്ളക്കുപ്പികൾക്ക് കിലോയ്ക്ക് 25–26 രൂപ കിട്ടും. പാൽ കവറിന് 14 രൂപ ഇങ്ങനെ ഓരോ മാലിന്യത്തിനും വിലയുണ്ട്. വീടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, മാളുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മാലിന്യം ഞങ്ങൾ സ്വീകരിക്കുന്നു. കോഴിക്കോടും കൊച്ചിയിലുമാണ് പ്രധാന ഓഫിസുകൾ. 

ഇവന് ആക്രിപ്പരിപാടിയാണെന്ന് പറഞ്ഞു നടന്നവർ ഏറെയുണ്ടായിരുന്നു ആദ്യകാലത്ത്. വൈറ്റ് കോളർ ജോലിയല്ല, അതാണ് പലരുടെയും പ്രശ്നം. അതൊക്കെ മാറി വരുന്നു. നാളെകളിൽ ആളുകൾ തേടിയെത്തുന്ന മേഖലയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വേസ്റ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നാവുക, ലോകത്തിലെ പേരെടുത്ത വേസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട് ആവുക എന്നിവയൊക്കെയാണ് ഇനിയുള്ള ലക്ഷ്യങ്ങൾ. മാർച്ചിൽ യുഎസിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.. എന്റെ റൂട്ട് കറക്ടാണെന്ന് നല്ല വിശ്വാസമുണ്ട്...
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.