81 കോടി രൂപ ചെലവിൽ കുന്നുമ്മൽ അനുബന്ധ കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചുകുന്നുമ്മൽ:ഇരുപത്തിരണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ കുന്നുമ്മൽ അനുബന്ധ സമഗ്ര ശുദ്ധജല വിതരണ പദ്ധതി ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. കുന്നുമ്മൽ, തുണേരി ബ്ലോക്കുകളിലെ ഏഴ് പഞ്ചായത്തുകളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ആവിഷ്കരിച്ച പദ്ധതിയാണിത്. കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, തുണേരി ,നാദാപുരം, കുറ്റ്യാടി ഗ്രാമ പഞ്ചായത്തുകളിലുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.81 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. 1997-ലാണ് നിർമാണം തുടങ്ങിയത്. പിന്നീട് പല കാരണങ്ങളാൽ നിർമാണം തടസ്സപ്പെടുകയായിരുന്നു. 19.3 ദശലക്ഷം സംഭരണ ശേഷിയുള്ള ഒരു ശുദ്ധീകരണ ടാങ്കും, 3.88 ദശലക്ഷം സംഭരണ ശേഷിയുള്ളതും 1.50 ദശലക്ഷം സംഭരണ ശേഷിയുമുള്ളതുമായ രണ്ട് പ്രധാന ടാങ്കുകളും, ആറ് പഞ്ചായത്തുകളിൽ ആറ് അനുബന്ധ ടാങ്കുകളുമാണ് പദ്ധതിക്കുള്ളത്.

കുറ്റ്യാടി പുഴയിലാണ് പദ്ധതിയുടെ കിണർ. ഇവിടെനിന്ന്‌ പമ്പ് ചെയ്യുന്ന വെള്ളം കുറ്റ്യാടി പഞ്ചായത്തിലെ കടേക്ക ചാലിലുള്ള ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ചാണ് കായക്കൊടി പഞ്ചായത്തിലെ കാപ്പുമ്മലും കുറ്റ്യാടി പഞ്ചായത്തിലെ കൊയമ്പാര കുന്നിലുമുള്ള പ്രധാനടാങ്കുകളിലെത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് ചെറിയ പൈപ്പ് വഴി കായക്കൊടി കോവക്കുന്ന് ,നരിപ്പറ്റ ട്രാൻസ്‌ഫോർമർ മുക്ക്, വാണിമേൽ ഇരുന്നിലാട്, വളയം നിരവുമ്മൽ, നാദാപുരം അത്യോറമല, തൂണേരി കക്കം വെള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിർമിച്ച ടാങ്കുകളിലും എത്തിക്കും. തുടർന്ന് അതത് പഞ്ചായത്തുകളിലെ വീടുകളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി. വാട്ടർ അതോറിറ്റി പ്രോജക്ട് വിങ്ങാണ് പദ്ധതി തയ്യാറാക്കിയത്.

കൈവേലിയിൽ നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷനായി. ജലഅതോറിറ്റി അംഗങ്ങളായ ടി. രവീന്ദ്രൻ, ടി.വി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.എച്ച്. ബാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. നാരായണി, സി.എൻ. ബാലകൃഷ്ണൻ, കെ.ടി. അശ്വതി, വളപ്പിൽ കുഞ്ഞമ്മദ്, ഒ.സി. ജയൻ, കെ. സുമതി, ജനപ്രതിനിധികളായ ടി. പി. പവിത്രൻ, എലിയാറ ബീന, സി.കെ. വിജയി, പാലോൽ കുഞ്ഞമ്മദ്, ജല അതോറിറ്റി ഉദ്യോഗസ്ഥരായ മൊയ്തീൻ, ബാബു തോമസ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments