ചെത്തുകടവ്‌ ട്രഞ്ചിങ്‌ യാർഡിൽ തീപ്പിടിത്തം: പിടിച്ചിട്ട 35 വാഹനങ്ങൾ കത്തിനശിച്ചു



കുന്ദമംഗലം:ചെത്തുകടവ്‌ ട്രഞ്ചിങ്‌ യാർഡിലുണ്ടായ തീപ്പിടിത്തത്തിൽ വിവിധ കേസുകളിലായി പിടിച്ചിട്ട 35 വാഹനങ്ങൾ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെയാണ്‌ കൂട്ടിയിട്ട വാഹനങ്ങൾക്ക്‌ തീപിടിച്ചത്‌. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നാണ്‌ ആദ്യം തീ ഉയർന്നത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ട അടുത്തുള്ള വീട്ടുകാരും യാർഡിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരും ഉടനെ അഗ്നിശമനസേനയെ വിവരമറിയിച്ചു. വെള്ളിമാട്‌കുന്ന്‌, മുക്കം, കോഴിക്കോട്‌ ബീച്ച്‌ എന്നിവിടങ്ങളിൽനിന്ന്‌ അഞ്ച്‌ യൂണിറ്റുകൾ സ്ഥലത്തെത്തി. യാർഡിനുള്ളിലേക്ക്‌ കടക്കാനാവാത്തതിനാൽ രണ്ട്‌ യൂണിറ്റുകൾ മുകളിലെ പറമ്പിൽനിന്നും മറ്റുള്ളവ സമീപത്തെ റോഡിൽ നിന്നുമാണ്‌ വെള്ളം ചീറ്റിയത്‌.



വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ കത്തുന്ന ഉച്ചത്തിലുള്ള പൊട്ടിത്തെറി കേട്ട്‌ നാട്ടുകാരും സ്ഥലത്തേക്ക്‌ ഓടിയെത്തി. പ്രദേശമാകെ പുകനിറഞ്ഞതും പരിഭ്രാന്തിപരത്തി. തീ മൂന്ന്‌ മീറ്ററോളം ഉയരത്തിൽ ആളിക്കത്തി. വെള്ളിമാട്‌കുന്ന്‌, മുക്കം എന്നിവിടങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ കെ.പി. ബാബുരാജ്‌, കെ.പി. ജയപ്രകാശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള 40 അഗ്നിശമനസേനാംഗങ്ങളാണ്‌ തീ അണച്ചത്‌.


 30 ബൈക്കുകളും രണ്ട്‌ മിനിലോറിയും രണ്ട്‌ കാറുകളും ഒരു ജീപ്പും പൂർണമായും കത്തിനശിച്ചു. മറ്റ്‌ വാഹനങ്ങൾക്ക്‌ ഭാഗികമായി തീപിടിച്ചു. യാർഡിനു സമീപത്ത്‌ 20-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്‌. സേനയുടെ സമയോജിതമായ ഇടപെടലാണ്‌ ഇങ്ങോട്ട്‌ തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കിയത്‌. വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ തീ പൂർണമായും അണച്ചത്‌.

ഫയർബ്രേക്കർ നിർമിക്കണമെന്ന്‌ നിർദേശം

വാഹനങ്ങൾ കൂട്ടിയിട്ട ട്രഞ്ചിങ്‌ യാർഡിൽ ഫയർബ്രേക്കർ നിർമിക്കണമെന്ന്‌ അഗ്നിശമനസേനയുടെ നിർദേശം. തീ പൂർണമായും കെടുത്തിയെങ്കിലുംbഇനിയും അപകടസാധ്യത തള്ളാനാവില്ല. പകൽ സമയമായതിനാലാണ്‌ അപകടങ്ങൾ ഒഴിവായത്‌. സ്ഥലം മുഴുവൻ കാടുപിടിച്ച്‌ കിടക്കുകയാണ്‌. യാർഡിനു ചുറ്റും മൂന്ന്‌ മീറ്റർ ചുറ്റളവിൽ കാട്‌ നീക്കംചെയ്ത്‌ സമീപത്തെ വീടുകളിലേക്ക്‌ തീ പടരാതിരിക്കാൻ ഫയർബ്രേക്കർ നിർമിക്കണം. വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥലങ്ങളിലേക്ക്‌ വീണ്ടും കേസിൽപ്പെട്ട വാഹനങ്ങൾ കൊണ്ടുവരുമ്പോൾ അവയുടെ ടാങ്കിൽനിന്നും ഇന്ധനം പൂർണമായും മാറ്റണമെന്നും ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട്‌ കളക്ടർക്ക്‌ നൽകുമെന്നും അഗ്നിശമനസേന അറിയിച്ചു.

Post a Comment

0 Comments