പ്രളയത്തില്‍ തകര്‍ന്ന കുറ്റ്യാടി ചുരം പുനര്‍നിര്‍മിക്കുന്ന നടപടികള്‍ വൈകുന്നു



കോഴിക്കോട്:പ്രളയത്തില്‍ തകര്‍ന്ന കോഴിക്കോട് കുറ്റ്യാടി ചുരം പുനര്‍നിര്‍മിക്കുന്ന നടപടികള്‍ വൈകുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൊണ്ട് തകര്‍ന്ന റോഡിലൂടെയുള്ള യാത്രയും ദുഷ്ക്കരമായി.  ഗതാഗതതടസ്സവും റോഡിന്റെ ശോച്യാവസ്ഥയും മൂലം വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുക്കിടക്കേണ്ട അവസ്ഥയാണ്.



മാസങ്ങള്‍ക്കുമുന്‍പ് പൂര്‍ണമായും തകര്‍ന്ന റോഡ് പട്ടാളവും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ഗതാഗതയോഗ്യമാക്കിയത്.  വാഹനങ്ങള്‍ ധാരാളമായി കടന്നുപോകുന്നതിനാല്‍ റോഡ് വീണ്ടും പഴയപടിയെത്തി. ചുരത്തിന്റെ പത്താംവളവിനോട് ചേര്‍ന്നാണ് കേടുപാടുകളധികവും ഉണ്ടായത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രവര്‍ത്തനങ്ങളും നടപ്പാക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സംരക്ഷണഭിത്തിയും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്രയും സുരക്ഷിതമല്ലാതായി.അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകളോ ദിശാസൂചിക ബോര്‍ഡുകളോ ഇതുവരെ ചുരത്തില്‍ സ്ഥാപിച്ചിട്ടില്ല. റോഡിനുണ്ടായ കേടുപാടുകള്‍ ജിയോളജി വിദഗ്ധര്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചാം വളവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തോടുചേര്‍ന്ന് അനധികൃത നിര്‍മാണങ്ങള്‍ തുടരുന്നതെന്ന് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Post a Comment

0 Comments