കോഴിക്കോട്: സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകൽ 11 മുതൽ മൂന്ന് വരെ പുറം ജോലികൾ ചെയ്യുന്നത് നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് പോലീസിന്റെ സഹായത്തോടെ കർശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഈ സമയങ്ങളിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. അംഗനവാടികളിൽ പ്രീ സ്കൂൾ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്നും മറ്റ് പ്രവർത്തനങ്ങളിൽ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കുട്ടികൾക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിർദ്ദേശമുണ്ട്. പരീക്ഷകൾ ഒഴികെയുള്ള അവധിക്കാല ക്ലാസുകൾ പൂർണ്ണമായും നിർത്തിവെക്കണം. കടകളിൽ പൊതുജനങ്ങൾക്കായി തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പോലീസിന്റെ സഹായത്തോടെ തെരുവുകളിൽ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളിൽ എത്തിക്കാനും കലക്ടർ നിർദ്ദേശം നൽകി. കുടിവെള്ള വിതരണം സംബന്ധിച്ച് ഹെൽപ് ലൈൻ സേവനം ടോൾഫ്രീ നമ്പറായ 1077 ൽ ലഭ്യമാണ്.
0 Comments