കോഴിക്കോട് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് പോയ അമ്മ തിരികെ വന്നില്ല; വാതിൽ പൊളിച്ച് പൊലീസ് കുട്ടികളെ രക്ഷിച്ചു



രാമനാട്ടുകര: വാടക വീട്ടിനുള്ളിൽ അഞ്ചും മൂന്നും, രണ്ടും വയസ്സുള്ള മൂന്ന് ആൺകുട്ടികളെ പൂട്ടിയിട്ട് പുറത്ത് പോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല.കുട്ടികളുടെ കരച്ചിൽ കേട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറി മൂന്ന് കുട്ടികളേയും പുറത്തെത്തിച്ചു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.



കോഴിക്കോട് കോടതിക്ക് സമീപമുള്ള സെന്റ് വിൻസന്റ് ഹോമിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത് .രാമനാട്ടുകര നിസരി ജംഗ്ഷനിലെ ഇരട്ട വാടക വീട്ടിലെ അയൽവാസിയാണ് വ്യാഴാഴ്ച അർദ്ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. കുഞ്ഞുങ്ങളായതിനാൽ ഭക്ഷണവും വെളിച്ചവും ഇല്ലാതെ ഭയന്നു വിറച്ചാണ് കരഞ്ഞിരുന്നത്.



തട്ടുകട കച്ചവടക്കാരനായ ഇയാൾ കച്ചവടം കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്.ഇദ്ദേഹം പുലർച്ചെ സമീപവാസിയായ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഉടനെ തന്നെ ഫറോക്ക് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകർത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കർണ്ണാടക സ്വദേശിനിയായ യുവതി മലയാളിയായ ഭർത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവ് ഒരാഴ്ച മുമ്പ് വീട്ടിൽ നിന്നും പോയതാണ്. യുവതി വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി പോയത്.

Post a Comment

0 Comments