ലോക്സഭ തിരഞ്ഞെടുപ്പ്: ജനഹിതം തേടി കോഴിക്കോട്ട് 14 പേർ, വടകരയിൽ 12 പേർ


കോഴിക്കോട്:നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞപ്പോൾ മത്സരരംഗത്ത് കോഴിക്കോട് മണ്ഡലത്തിൽ 14 സ്ഥാനാർഥികൾ. വടകരയിൽ 12 പേരാണുള്ളത്. അപരന്മാരെ ഇറക്കുന്നതിൽ ഇരുമുന്നണികളും മുന്നിലാണെന്നും അന്തിമപ്പട്ടികയിൽ വ്യക്തം.



കോഴിക്കോട്ട് യു.ഡി.എഫിന്റെ എം.കെ. രാഘവനെക്കൂടാതെ നാലു രാഘവൻമാർകൂടിയുണ്ട്. എൽ.ഡി.എഫിന്റെ എ. പ്രദീപ് കുമാറിനെപ്പോലെ മൂന്നു പ്രദീപുമാരുമുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി പ്രകാശ്ബാബുവിന് അപരനായി ഒരു പ്രകാശ്ബാബു കൂടിയുണ്ട്.

വടകരയിൽ യു.ഡി.എഫിന്റെ കെ. മുരളീധരന് അപരന്മാരായി രണ്ടു കെ. മുരളീധരന്മാരെ കാണാം. എൽ.ഡി.എഫിന്റെ പി. ജയരാജന് അപരനായി ജയരാജൻ പണ്ടാരപ്പറമ്പിൽ മത്സരിക്കുന്നുണ്ട്. അപരന്മാരിൽ മിക്കവരും വീട്ടുപേരോടുകൂടിയാണ് പത്രികയിൽ സ്ഥാനം നേടിയിരിക്കുന്നത്.

കോഴിക്കോട്ടും വടകരയിലും ഓരോ സ്ഥാനാർഥികളാണ് പത്രിക പിൻവലിച്ചത്. വടകരയിൽ എസ്.ഡി.പി.ഐ. ഡമ്മി സ്ഥാനാർഥിയായ മുസ്തഫയും കോഴിക്കോട്ട് സ്വതന്ത്രനായ നസീർ അഹമ്മദുമാണ് പത്രിക പിൻവലിച്ചത്. എസ്.ഡി.പി.ഐ. സ്ഥാനാർഥി മുസ്തഫ കൊമ്മേരി പത്രിക പിൻവലിച്ചു എന്ന വാർത്ത പ്രചരിച്ചത് കുറെനേരം ആശയക്കുഴപ്പമുണ്ടാക്കി. മത്സരിക്കുന്ന 10 മണ്ഡലങ്ങളിൽ ഒരിടത്തും പത്രിക പിൻവലിച്ചിട്ടില്ലെന്ന് എസ്.ഡി.പി.ഐ. വ്യക്തമാക്കി.

മൂന്നു മുന്നണികളെക്കൂടാതെ മറ്റ് രാഷ്ട്രീയകക്ഷികളും മത്സരരംഗത്തുണ്ട്. എസ്.ഡി.പി.ഐ., കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് റെഡ് സ്റ്റാർ, നാഷണൽ ലേബർ പാർട്ടി എന്നിവയാണ് വടകരയിൽ മത്സരിക്കുന്നത്. കോഴിക്കോട്ട് എസ്.യു.സി.ഐ. കമ്യൂണിസ്റ്റ്, ബി.എസ്.പി. എന്നീ കക്ഷികൾക്ക് സ്ഥാനാർഥികളുണ്ട്. രണ്ടുമണ്ഡലങ്ങളിലായി 26 സ്ഥാനാർഥികളുള്ളതിൽ വനിത ആകെ ഒന്നുമാത്രം- കോഴിക്കോട്ട് മത്സരിക്കുന്ന നുസ്രത്ത് ജഹാൻ.

Post a Comment

0 Comments