കനോലി കനാൽ ജലപാത: നാളെ മുതൽ ചെളിനീക്കിത്തുടങ്ങും



കോഴിക്കോട്:ജലപാതാ പദ്ധതിയുടെ ഭാഗമായി കനോലി കനാലിന്റെ ചെളി നീക്കംചെയ്ത് ശുചീകരിക്കുന്ന പ്രവൃത്തി നാളെ(തിങ്കളാഴ്ച) തുടങ്ങും. കേരള വാട്ടർ വെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡി(ക്വിൽ)ന്റെ നേതൃത്വത്തിലാണ് ശുചീകരണം.



സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും പങ്കാളികളായാണ് ക്വിൽ രൂപവത്‌കരിച്ച് പ്രവർത്തിക്കുന്നത്. 46 ലക്ഷം രൂപയുടെ കേന്ദ്രീകൃതപദ്ധതിയാണ് നടപ്പാക്കുന്നത്. കനാലിലെ ചെളിനീക്കാനുള്ള യന്ത്രമുൾപ്പെടെ കൊണ്ടുവന്നാണ് ശുചീകരണം നടത്തുക. ഡ്രെഡ്ജർ, ക്രെയിൻ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഉപയോഗിച്ചാവും ശുചീകരണം. കോർപ്പറേഷൻ ഇവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കും.

കല്ലായ് മുതൽ എരഞ്ഞിക്കൽ വരെയായി 11.2 കിലോമീറ്റർ നീളത്തിലാണ് കനോലി കനാൽ. കല്ലായിപ്പുഴയുമായി കനാൽ ചേരുന്നഭാഗത്ത് ചെളി അടിഞ്ഞുകൂടിയത് നീക്കിക്കൊണ്ടായിരിക്കും പ്രവർത്തനം തുടങ്ങുക. അതോടൊപ്പംതന്നെ എരഞ്ഞിപ്പാലത്തുനിന്നും പണി തുടങ്ങും.

ജലപാതാ പദ്ധതിയുടെ ഭാഗമായാണ് ക്വിൽ കനാൽ ഏറ്റെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർമുതൽ മാഹിവരെയുള്ളതാണ് ജലപാതയുടെ രണ്ടാംഘട്ട പ്രവർത്തനം. ജലപാതയ്ക്കായി കനാലിൽ ഒന്നര-രണ്ട് മീറ്റർ ആഴംകൂട്ടേണ്ടി വരുമെന്നാണ് കരുതുന്നത്. ബോട്ടിന് സുഗമമായി സഞ്ചരിക്കാൻ പറ്റുന്നരീതിയിലാണ് ആഴംകൂട്ടുക, രണ്ടുമാസംകൊണ്ട് പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്വിൽ അധികൃതർ പറഞ്ഞു.

ജില്ലാഭരണകൂടവും കോർപ്പറേഷനും വേങ്ങേരി നിറവിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ കനോലി കനാലിന്റെ ഭാഗമായി കനാൽ ശുചീകരിച്ചിരുന്നു. 2513 ചാക്ക് പാഴ്‌വസ്തുക്കളാണ് ആറുമാസംകൊണ്ട് നീക്കിയത്. തുടർന്ന് എട്ട് സെക്ടറുകളായി തിരിച്ച് കനാലിന്റെ ശുചീകരണ ചുമതല വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഏൽപ്പിക്കുകയും ചെയ്തു. എന്നാലിപ്പോൾ കനാൽ വീണ്ടും പഴയപടിയായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ കക്കൂസ് മാലിന്യമുൾപ്പെടെ കനാലിൽ തള്ളുന്നുമുണ്ട്. അതേസമയം ഓരോ സെക്ടറിന്റെയും ചുമതലയുള്ള കമ്മറ്റികളുടെ യോഗം വിളിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു.




കനാലിലേക്ക് തുറന്നിട്ട ഓടകൾ അടയ്‌ക്കാനും പകരം മാലിന്യസംസ്കരണത്തിന് സംവിധാനം ഒരുക്കാനും ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഥലസൗകര്യമുള്ളവർ ട്രീറ്റ്മെന്റ് പ്ലാന്റ് തന്നെ സ്ഥാപിക്കും. ജൂൺ അഞ്ചിന് മുമ്പ് ഇക്കാര്യത്തിൽ നടപടിയാകുമെന്ന് ഹെൽത്ത് ഓഫീസർ ഡോ .ആർ.എസ്. ഗോപകുമാർ പറഞ്ഞു.

Post a Comment

0 Comments