കോഴിക്കോട്:തിരഞ്ഞെടുപ്പ് ഫലം വന്നു, പുതിയ കേന്ദ്ര മന്ത്രിസഭ നിലവിൽ വരാൻ ഏതാനും മണിക്കൂറുകൾ മാത്രം; ലൈറ്റ് മെട്രോ എന്നു വരുമെന്ന ആശങ്കയിൽ കോഴിക്കോട്ടുകാർ. അംഗീകാരവും കാത്ത് പദ്ധതി രൂപരേഖ ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ മേശപ്പുറത്താണ്. തിരഞ്ഞെടുപ്പിനു മുൻപ് മുഴങ്ങിക്കേട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കോഴിക്കോട്ടും തിരുവനന്തപുരത്തും 7500 കോടി ചെലവിൽ വരാനിരിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി. എന്നാൽ, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ പുതുക്കിയ രൂപരേഖ നിലവിൽ സംസ്ഥാന സർക്കാരിനു മുന്നിലാണുള്ളത്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രൂപരേഖ പരിഗണിക്കുന്ന കാര്യം അനിശ്ചിതമായി നീളുകയായിരുന്നു. സർക്കാർ അംഗീകാരം ലഭിച്ചശേഷം മാത്രമേ കേന്ദ്രസർക്കാരിനു മുന്നിൽ പദ്ധതി രൂപരേഖ സമർപ്പിക്കുകയുള്ളു. മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രസർക്കാരിനു സമർപ്പിച്ചാലും പരിശോധനകൾക്കു ശേഷം അനുമതി ലഭിക്കാൻ മാസങ്ങളെടുക്കും.
കേന്ദ്രസർക്കാരിന്റെ പുതുക്കിയ നയങ്ങളുടെ അടിസ്ഥാനത്തിൽ ലൈറ്റ് മെട്രോയുടെ രൂപരേഖ 2017 നവംബറിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ പുതുക്കിയിരുന്നു. ഇതു ചർച്ച ചെയ്ത് അംഗീകരിച്ചു കേന്ദ്രസർക്കാരിനു നൽകുന്നതിനു പകരം ഇതിനെക്കുറിച്ചു പഠിക്കാൻ വകുപ്പു മേധാവികളുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഒരു വർഷം നീട്ടിക്കൊണ്ടുപോയ ശേഷം പദ്ധതി നടപ്പാക്കാമെന്നു വിദഗ്ധസമിതി കഴിഞ്ഞ നവംബർ ആദ്യം സർക്കാരിനു റിപ്പോർട്ട് നൽകി. ആദ്യഘട്ടത്തിൽ സാമ്പത്തികമായി ലാഭകരമാകില്ലെങ്കിലും ഭാവിയിലെ ആവശ്യം മുൻനിർത്തി നടപ്പാക്കണം എന്നായിരുന്നു സമിതിയുടെ ശുപാർശ.
കേന്ദ്രഭരണത്തിൽ എൻഡിഎ തുടരുന്നതിനാൽ മുൻപു നിശ്ചയിച്ച പദ്ധതികളിൽ മാറ്റമുണ്ടാവില്ല എന്നാണ് കോഴിക്കോട്ടുകാരുടെ പ്രതീക്ഷ. ബിജെപി കേരളത്തിൽ കണ്ണുവയ്ക്കുന്നതിനാൽ കൂടുതൽ പദ്ധതികൾ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു മുൻപ് ഒഴുകിയെത്തുമെന്നും പ്രതീക്ഷയുണ്ട്. പക്ഷേ ലൈറ്റ് മെട്രോയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചാലും പദ്ധതി നടപ്പാക്കാൻ ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം. അതുകൊണ്ട് ലൈറ്റ് മെട്രോ പദ്ധതി സുഗമമാക്കാൻ ആദ്യപടിയായി മാനാഞ്ചിറ– മീഞ്ചന്ത റോഡ് വികസനം നടപ്പാക്കാമെന്നും അഭിപ്രായമുയരുന്നുണ്ട്.
ആദ്യഘട്ടം സാമ്പത്തിക ലാഭമുണ്ടാകില്ല
മെഡിക്കൽ കോളജിൽനിന്ന് മാവൂർ റോഡ്, മാനാഞ്ചിറ, കല്ലായി റോഡ് വഴി മീഞ്ചന്ത വരെ നീളുന്നതാണ് ലൈറ്റ് മെട്രോയുടെ ഇപ്പോഴത്തെ രൂപരേഖ. റോഡിനു നടുവിലൂടെ ഒറ്റത്തൂണുകളാണ് പണിയുക. രണ്ടു ബോഗികൾ മാത്രമുള്ളതാവും ട്രെയിൻ. ഇപ്പോഴത്തെ കണക്കനുസരിച്ച് 15000 യാത്രക്കാരാണ് ഒരു ദിവസം ലൈറ്റ് മെട്രോയിൽ യാത്ര ചെയ്യുക. അതിനാൽ ആദ്യഘട്ടത്തിൽ സാമ്പത്തിക ലാഭമുണ്ടാവില്ല.
0 Comments